എറണാകുളം: യുക്രൈനിൽ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈയിന്‍ നാറ്റോയില്‍ അംഗമാകരുതെന്നും അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി പറഞ്ഞു.
'രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കണം'
ഗൾഫ് യുദ്ധ കാലത്തു നടത്തിയ രക്ഷാദൗത്യ മാതൃക മോദി സർക്കാർ സ്വീകരിക്കണം. എംബസി ഉദ്യോഗസ്ഥരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുമ്പോള്‍ സാധാരണ ഇന്ത്യക്കാർക്ക് സഹായം ലഭിക്കുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. വിദ്യാർഥികളോട് അപകട മേഖലയിലൂടെ നടന്നു പോകാൻ പറയുന്നത് നിർത്തണം. രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും സർക്കാർ അടിയന്തര നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയെ സീതാറാം യെച്ചൂരി ന്യായീകരിച്ചു.
നാറ്റോയിൽ യുക്രൈൻ അംഗമാകരുത്, റഷ്യ വെടിനിർത്തലിന് തയ്യാറാകണം 'കേരളത്തിലെ ഇടതു ബദൽ മോദി ഭയപ്പെടുന്നു'
വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ നിക്ഷേപത്തെ എതിർക്കാൻ കഴിയില്ല. അതു കേന്ദ്ര നിയമമാണ്. സാമൂഹിക നിയന്ത്രണം കൊണ്ട് വരിക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. സംവരണം നടപ്പാക്കുകയും സാധാരണക്കാർക്ക് പഠന സൗകര്യം നൽകുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ ഇടതു ബദൽ മോദി ഭയപ്പെടുകയാണ്. കേരളത്തിലെ ഇടതു ശക്തി അപകടകരം എന്ന മോദിയുടെ പ്രസ്‌താവന ഇതാണ് വ്യക്തമാക്കുന്നത്. ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ട് പോകുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്നത് അത്യാവശ്യമാണ്.
'കോൺഗ്രസിന്‍റെ ശക്തി ക്ഷയിച്ചു'
ശക്തി ക്ഷയിച്ച കോൺഗ്രസിന് ഇതിന് കഴിയില്ല. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. മതേതര ശക്തികളുടെ വിശാലമായ കൂട്ടായ്‌മയിലൂടെ മാത്രമേ ആർഎസ്എസ്, ബിജെപി ഫാസിസ്റ്റ് ശക്തികളെ തടയാൻ കഴിയുകയുള്ളൂവെന്നും യെച്ചൂരി പറഞ്ഞു. പ്രാധാന മന്ത്രി മൂന്ന് ദിവസം സ്വന്തം മണ്ഡലത്തിൽ ചെലവഴിച്ചത് ബിജെപി നേരിടുന്ന തെരഞ്ഞെടുപ്പ് പ്രതിസന്ധിയുടെ തെളിവാണ്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടിയേൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.റെയിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകില്ല. വിപണി വിലയെക്കാൾ കുടുതൽ പണം നൽകിയാണ് ഭൂമി ഏറ്റെടുക്കുന്നത്. കെ.റെയിലുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ സംസ്ഥാന നേതൃത്വത്തോട് ചോദിച്ചാൽ മതിയെന്നും യെച്ചൂരി പറഞ്ഞു.
READ MORE:സംസ്ഥാന സമ്മേളനം: വിവാദങ്ങളെ കൂട്ടുത്തരവാദിത്വത്തോടെ നേരിടുന്നില്ലെന്ന് വിമർശനം