കേരളം

kerala

ETV Bharat / city

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി; സന്തോഷമറിയിച്ച് കൊവിഡ് മുക്തരുടെ കൂട്ടായ്മ

കളമശേരി രാജഗിരി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നിന്ന് രോഗമുക്തരായവരുടെ കൂട്ടായ്മയായ കൊവിഡ് വിന്നേഴ്‌സാണ് തങ്ങളെ പരിചരിച്ചവരെ കാണാൻ വീണ്ടുമെത്തിയത്. ചികിത്സയിലുള്ളവർക്കും പരിചരിക്കുന്നവർക്കും ഭക്ഷ്യകിറ്റുകളും പഴവർ​ഗങ്ങളും നൽകിയാണ് ഇവര്‍ മടങ്ങിയത്.

കൊവിഡ് ബാധിതർ  കൊവിഡ് വിന്നേഴ്‌സ്  എഫ്എൽടിസി കോർഡിനേറ്റർ  കളമശേരി രാജഗിരി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ സെന്‍റര്‍  kalamassery rajagiri firstline center  kalamassery fltc  covid winners  kalamassery covid winners
സന്തോഷമറിയിച്ച് കൊവിഡ് മുക്തരുടെ കൂട്ടായ്മ

By

Published : Oct 26, 2020, 2:37 PM IST

Updated : Oct 26, 2020, 6:22 PM IST

എറണാകുളം: കൊവിഡ് ബാധിതർക്ക് ധൈര്യവും ആശ്വാസവും പകരാനും പരിചരിച്ചവർക്ക് നന്ദി പറയാനും സന്തോഷം പങ്കു വയ്ക്കാനും കൊവിഡ് മുക്തരുടെ കൂട്ടായ്മയായ കൊവിഡ് വിന്നേഴ്‌സ് എത്തി. കളമശേരി രാജഗിരി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ കൊവിഡ് ചികിത്സയ്ക്ക് ശേഷം രോഗമുക്തരായവരാണ് തങ്ങളെ പരിചരിച്ചവരെ കാണാൻ വീണ്ടുമെത്തിയത്. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ഇവർ രാജഗിരി എഫ്എൽടിസിയിൽ എത്തിയത്. ചികിത്സയിലുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും ഭക്ഷ്യകിറ്റുകളും പഴവർ​ഗങ്ങളും നൽകി രോ​ഗമുക്തർ തങ്ങളുടെ സന്തോഷം അറിയിച്ചു. ആരോഗ്യപ്രവർത്തകയായ ആതിര മണി പാട്ടുപാടിയാണ് രോഗമുക്തരെ സ്വീകരിച്ചത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി; സന്തോഷമറിയിച്ച് കൊവിഡ് മുക്തരുടെ കൂട്ടായ്മ

ഈ വരവ് വലിയ പ്രചോദനം നൽകുന്നുവെന്ന് രാജഗിരി എഫ്എൽടിസി കോർഡിനേറ്റർ ഡോ. ഷാഹിർ ബക്കർ പറഞ്ഞു. ഇത് കേരളത്തിനാകെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗമുക്തയായ ഒൻപതു വയസുകാരി റൂയ അഷ്‌കർ കൊവിഡ് മുക്തർക്ക് വേണ്ടി ആരോഗ്യ പ്രവർത്തകർക്ക് ഉപഹാരം സമർപ്പിച്ചു. കൊവിഡ് വിന്നേഴ്‌സിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന ഒട്ടേറെ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം 'പോസ്റ്റ് കൊവിഡ് ഹെൽത്ത് ചലഞ്ചസ്' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചിരുന്നു.

സമൂഹത്തില്‍ കൊവിഡ് ഭീതിയകറ്റാൻ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ശ്രമങ്ങൾ തുടരുമെന്ന് കൊവിഡ് വിന്നേഴ്‌സ് ചെയർമാൻ അഷ്‌കർ ബാബു അറിയിച്ചു. രോഗ ബാധിതർക്ക് ഭയാശങ്കകൾ അകറ്റുന്നതിനാവശ്യമായ കൗൺസലിംഗ് അടക്കം നൽകുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി എൻ.ആർ അശ്വതി പറഞ്ഞു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ എഫ്എൽടിസിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അബ്ദുൾ സലാം, പ്രദീപ് പി രംഗൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Oct 26, 2020, 6:22 PM IST

ABOUT THE AUTHOR

...view details