എറണാകുളം : നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ സിനിമാ ചിത്രീകരണത്തിന് സിനിമാ സംഘടനകൾ സംയുക്തമായി മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി.
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക , താരസംഘടന അമ്മ, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂഷേഴ്സ് അസോസിയേഷനും സംയുക്തമായാണ് മുപ്പത് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
നിർമാതാവും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും എല്ലാ വിഭാഗങ്ങളും, നടി നടന്മാരെയും ഉൾപ്പടെ ഷൂട്ടിങ്ങിൽ അനുവദനീയമായ ആളുകളുടെ എണ്ണം പരമാവധി അമ്പതായി ചുരുക്കണമെന്നാണ് പ്രധാന നിർദ്ദേശം.
ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ പേർ, മൊബൈൽ നമ്പർ, വാക്സിനേഷൻ സർട്ടിഫിക്കറ്റിന്‍റെ കോപ്പി, ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, ഷൂട്ടിങ് ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കും ഫെഫ്കയിലേക്കും ഇമെയിൽ ചെയ്യണം.
കൊവിഡ് പ്രോട്ടോക്കോള്‍ രജിസ്റ്റർ
രണ്ട് സംഘടനകളിലും ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളുടെ കൊവിഡ് പ്രോട്ടോക്കോൾ രജിസ്റ്റർ ഉണ്ടായിരിക്കും. ചിത്രീകരണം കഴിയുന്നത് വരെ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ലോക്കേഷനിൽ നിന്നും, താമസ സ്ഥലത്ത് നിന്നും പുറത്ത് പോകാൻ പാടില്ല.