എറണാകുളം : സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോയ്ക്ക് ഏപ്രില്‍ 18 ന് കൊച്ചി മറൈന്‍ ഡ്രൈവിൽ തുടക്കമാകും. അപ്പക്‌സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ എന്നിവ പങ്കെടുക്കുന്ന എക്‌സ്പോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ദേശീയ അന്തര്‍ ദേശീയ തലത്തില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്‌ടിച്ച സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികള്‍, നടത്തി വരുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിപുലമായ പരിചയപ്പെടുത്തല്‍ കൂടിയാണ് സഹകരണ എക്‌സ്‌പോ 2022 എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
സഹകരണ എക്‌സ്‌പോയ്ക്ക് ഏപ്രില്‍ 18 ന് മറൈൻ ഡ്രൈവിൽ തുടക്കം കര്‍ഷകര്‍ക്ക് വിത്തു വളവും നല്‍കാനും, കുട്ടയും വട്ടിയും നെയ്യാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ആരംഭിച്ച സഹകരണ പ്രസ്ഥാനങ്ങള്‍ ഇന്ന് എല്ലാ മേഖലകളിലും ശക്തമായ സാന്നിധ്യമാണ്. വന്‍കിട കമ്പനികളോട് പോലും കിടപിടിക്കുന്ന തരത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ചെറുതും വലുതുമായ നിരവധി സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രവും സഹകരണ എക്‌സ്‌പോയില്‍ അനാവരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
60000 ചതുരശ്ര അടിയിൽ 210 പവലിയനുകളാണ് മേളയിലുള്ളത്. യുഎല്‍സിസിഎസ്, മില്‍മ, മത്സ്യഫെഡ്, റെയ്‌ഡ് കോ, റബ്‌കോ, കണ്‍സ്യൂമര്‍ഫെഡ്, കേര ഫെഡ്, എന്‍എംഡിസി, കേരള ബാങ്ക് എന്നിവയ്ക്കുപുറമെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ഉത്പാദക സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവക്കായി പ്രത്യേക പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്.
എട്ട് യുവജന സഹകരണ സംഘങ്ങളും മേളയില്‍ പ്രദര്‍ശനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. 8000 സ്‌ക്വയര്‍ ഫീറ്റില്‍ ഭക്ഷണ വൈവിധ്യങ്ങളുമായി ഫുഡ് കോര്‍ട്ടും എക്‌സ്‌പോയില്‍ സജ്ജമാക്കിയിരിക്കുന്നു. ഏപ്രില്‍ 18 മുതല്‍ 25 വരെ രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും സഹകരണ എക്‌സ്‌പോ നടക്കുക. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.