എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ പകല്‍ സർവീസുകള്‍ ഉണ്ടാവില്ല. 2020 മാർച്ച് 28 വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് മണിവരെ റണ്‍വെ അടച്ചിടും.ഇതോടെ 24 മണിക്കൂർ പ്രവർത്തനസമയം 16 മണിക്കൂറായി ചുരുക്കിയതായി സിയാൽ അറിയിച്ചു. രാവിലെയും വൈകുനേരവും കൂടുതൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ച് ചെക്ക്-ഇൻ സമയവും വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പ് ചെക്ക്-ഇൻ ചെയ്യാം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
അഞ്ച് വിമാന സർവീസുകൾ റദ്ദ് ചെയ്തു. രാജ്യാന്ത വിഭാഗത്തില്‍ സ്പൈസ് ജെറ്റിന്‍റെ മാലദ്വീപ് സര്‍വീസും വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസുകളുമാണ് റദ്ദാക്കിയത്. ഒക്ടോബർ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി അധിക സർവീസുകളുണ്ടെന്നും സിയാല്‍ അധികൃതർ അറിയിച്ചു.