എറണാകുളം: ചേരാനല്ലൂർ മൈനർ ഇറിഗേഷൻ പദ്ധതിയിലൂടെ നടപ്പാക്കുന്ന പമ്പിംഗ് തടസപ്പെടുന്നു. ചേരാനല്ലൂർ മൈനർ ഇറിഗേഷൻ പ്രോജക്ടിലൂടെ 75 എച്ച്‌പിയുടെ മൂന്ന് മോട്ടറുകൾ നടപ്പാക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും അതിൽ പ്രവർത്തനയോഗ്യമായ ഒരു മോട്ടോർ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാൽ പത്ത് കിലോമീറ്റര്‍ ദൈർഘ്യമുള്ള കനാലിൽ അഞ്ച് കിലോമീറ്റര്‍ പോലും എത്തുന്നില്ല.
വെള്ളമെത്താതെ പാടങ്ങള്‍ നശിക്കുന്നു; നടപടിയെടുക്കാതെ അധികൃതര്‍ - ചേരാനെല്ലൂര്‍ പാടത്ത് വെള്ളമെത്തുന്നില്ല
മോട്ടര്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് പരിഹരിക്കാൻ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഈ വെള്ളം പ്രതീക്ഷിച്ച കൃഷിക്കാർ ഇന്ന് വളരെയേറെ പ്രതിസന്ധി നേരിടുകയാണ്. സെപ്റ്റംബർ മാസം പകുതിയോടെ മോട്ടോറുകൾ ഇറക്കിവെച്ച് പമ്പിംഗ് നടത്താൻ പാടശേഖരസമിതി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അറ്റകുറ്റപണികൾ നടത്താതെ മോട്ടോർ ഇറക്കിവെച്ച് കണക്ഷൻ കൊടുക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കർഷകസമിതി ഭാരവാഹികൾ പറയുന്നു.
ഇതുമൂലം മകുഴി ചാൽപാടം, പൂലിപ്പാടം, തോട്ടുവ പാങ്ങോല പാടം എന്നീ പാടശേഖരങ്ങളിലായി 25 ഏക്കറോളം നെൽകൃഷി വെള്ളമില്ലാതെ നശിക്കുകയാണ്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെയും മോട്ടറിന്‍റെ അറ്റകുറ്റപണിക്കായി അനുവദിച്ചിരിക്കുന്ന തുക പണികൾ നടത്താതെ കോൺട്രാക്ടർക്ക് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ചേരാനല്ലൂർ കർഷകസമിതി ആവശ്യപ്പെട്ടു.