എറണാകുളം: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിൽ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഗിരീഷ് ബാബുവിന്‍റെ മൊഴിയെടുത്തു. കളമശേരി പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞും മകൻ അബ്ദുൾ ഗഫൂറും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ പരാതി.
വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ പരാതി; ഗിരീഷ് ബാബുവിന്‍റെ മൊഴിയെടുത്തു - ഗിരീഷ് ബാബു
കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞും മകൻ അബ്ദുൾ ഗഫൂറും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ പരാതി
പണം വാഗ്‌ദാനം ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് കളമശേരി സിഐ പരാതിക്കാരനായ ഗിരീഷ് ബാബുവിന്‍റെ മൊഴിയെടുത്തത്. പരാതിക്ക് പിന്നില്‍ ചില ലീഗ് നേതാക്കളാണ് എന്ന് പറയാന്‍ ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടുവെന്നും ഗിരീഷ് ബാബു പൊലീസിന് മൊഴി നൽകി. അതേ സമയം10 ലക്ഷം രൂപ തന്നോടാവശ്യപ്പെട്ട് ഗിരീഷ് ബാബു ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ഇബ്രാഹിംകുഞ്ഞിന്‍റെ ആരോപണം ഗിരീഷ് ബാബു തളളി. ഗിരീഷ് ബാബുവിന്‍റെ പരാതിയിൽ ഹൈക്കോടതി നിർദേശ പ്രകാരം വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.