കൊച്ചി: പാരിസ്ഥിതിക ദുർബല പ്രദേശങ്ങളുള്ള കേരളത്തിൽ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ചതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്‌ഠന്‍. കേരളത്തിന്‍റെ ഭൂപ്രകൃതിയെ കുറിച്ച് വ്യക്തമായി പഠനം നടത്തിയശേഷമാണ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന നുണപ്രചരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്‌തതെന്നും സി ആര്‍ നീലകണ്‌ഠന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ചെരിഞ്ഞ പ്രദേശങ്ങളിൽ നിർമാണം നടത്തരുതെന്ന് ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോർട്ടിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. 30 ഡിഗ്രിയില്‍ കൂടുതൽ ചെരിവുള്ള സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനവും ആവർത്തന കൃഷിയും ക്വാറികളും പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം പൂർണ്ണമായും അവഗണിച്ച് അനുമതി കൊടുക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും സി ആർ നീലകണ്‌ഠന്‍ പറഞ്ഞു.
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചത് ദുരന്തങ്ങള്‍ക്ക് കാരണമായെന്ന് സി ആര്‍ നീലകണ്‌ഠന്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്വാറികൾ ആവാസ പ്രദേശത്ത് നിന്ന് 100 മീറ്റർ എന്ന പരിധി 50 മീറ്ററായി കുറച്ചു. വനത്തിൽ നിന്ന് യാതൊരു ദൂരവും വേണ്ടയെന്നും തീരുമാനിച്ചു. ഇത് ഗാഡ്‌ഗില്‍ റിപ്പോർട്ടിന്‍റെ ഏറ്റവും വലിയ ലംഘനമാണെന്നും ചെറിയ ലാഭത്തിന് നടത്തുന്ന ഇത്തരം നിർമാണ പ്രവർത്തനങ്ങൾ ദുർബലമായ പ്രദേശത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷവും വെള്ളം കയറിയല്ല, മറിച്ച് മണ്ണ് ഇടിഞ്ഞാണ് കൂടുതൽ മരണവും സംഭവിച്ചിട്ടുള്ളത്. ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്ന മണ്ണിടിച്ചിൽ ഗാഡ്‌ഗില്‍ റിപ്പോർട്ട് പ്രകാരം അതീവ ദുർബല പ്രദേശത്താണ്. മാത്രമല്ല കവളപ്പാറയിൽ അപകടമുണ്ടായ പ്രദേശത്ത് 27 ക്വാറികൾ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായിരുന്നതായും സി ആര്‍ നീലകണ്‌ഠന്‍ ചൂണ്ടിക്കാട്ടുന്നു.
ഗാഡ്‌ഗില്‍ റിപ്പോർട്ട് നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്ന രാഷ്ട്രീയ നേതാക്കൾ സ്വന്തം ലാഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരും വർഷങ്ങളിലും ഇതേ ദുരന്തം ആവർത്തിക്കപ്പെടുന്ന രീതിയിലാണ് ക്വാറികൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. അതിനാല്‍ ഗാഡ്‌ഗില്‍ റിപ്പോർട്ട് തർജമ ചെയ്ത് ഗ്രാമസഭകളിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.