എറണാകുളം: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് തോൽവി, കൊടകര കുഴൽപ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. രണ്ട് ഘട്ടങ്ങളായാണ് യോഗം നടന്നത്. ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു. അടുത്ത ഘട്ടത്തിലാണ് വിവാദങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. സംഘടനാ സെക്രട്ടറിയും അധ്യക്ഷനും കേന്ദ്രമന്ത്രിയും ചേർന്ന് എടുക്കുന്ന തീരുമാനങ്ങളാണ് പാർട്ടിയിൽ നടക്കുന്നതെന്ന് കൃഷ്ണദാസ് പക്ഷം വിമർശിച്ചു.
വിമർശനങ്ങളുടെ കെട്ടഴിച്ച് കൃഷ്ണദാസ് പക്ഷം
പാർട്ടി നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നും കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നു. അപമാനഭാരം കൊണ്ട് ജനങ്ങളെയും പ്രവർത്തകരെയും അഭിമുഖീകരിക്കാൻ കഴിയുന്നില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ തുറന്നടിച്ചു. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ജനങ്ങളെ പരിഹസിക്കരുതെന്നും ഇപ്പോൾ കിട്ടിയതിലും കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും വിമര്‍ശനം ഉയര്‍ന്നു. പാർട്ടിയെ വിശ്വാസമില്ലാത്തത് കൊണ്ടാണോ പാർട്ടിയുടെ പ്രാഥമികാംഗം പോലുമല്ലാത്ത മകനെ സാമ്പത്തികം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചെതെന്നും യോഗത്തില്‍ ചോദ്യം ഉയർന്നു.
സുരേന്ദ്രന്‍റെ കീഴിൽ ഇനി പ്രവർത്തിക്കാൻ പ്രയാസമുണ്ടെന്നും കൃഷ്ണദാസ് പക്ഷം വ്യക്തമാക്കി. കേസിൽ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷം സ്വീകരിച്ചത്. തെരെഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചുള്ള വിലയിരുത്തലിലും കെ.സുരേന്ദ്രനെതിരെയും വി.മുരളീധരനെതിരെയും തന്നെയാണ് വിമർശനമുയർന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായിയെന്നും സ്ഥാനാർഥിയെ നിശ്ചയിച്ച കാര്യം സ്ഥാനാർഥി തന്നെ അറിഞ്ഞില്ലെന്നും പറയുന്ന സ്ഥിതിയുണ്ടായി. മൂന്ന് മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക നൽകുന്ന കാര്യത്തിൽ പാളിച്ചയുണ്ടായിയെന്നും സംഘടനാ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും സംസ്ഥാന അധ്യക്ഷനും കൂടിയാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചതെന്നും വിജയ സാധ്യതയുള്ള പല മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെടാൻ കാരണം സംസ്ഥാന അധ്യക്ഷന്‍റെ ഗ്രൂപ്പ് പ്രവർത്തനമാണെന്നും വിമര്‍ശനമുയര്‍ന്നു.