കേരളം

kerala

ETV Bharat / city

ആഷിലിന്‍റെ മരണം; എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം

പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ഭരിക്കുന്ന പാർട്ടിയുമായി ബന്ധമുണ്ടെന്നും അതിനാലാണ് ക്രൈബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകാത്തതെന്നും ആഷിലിന്‍റെ പിതാവ് സജി ജോസഫ് ആരോപിച്ചു

By

Published : Nov 5, 2019, 12:35 AM IST

Updated : Nov 5, 2019, 2:35 AM IST

ആഷിലിന്‍റെ മരണം

എറണാകുളം:ഒരു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചേരാനെല്ലൂർ സ്വദേശി ആഷിൽ സജിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ ഏഴിനാണ് ആഷില്‍ സജിയെ ചിറ്റൂര്‍ അമ്പലക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന്‍റെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്നാരോപിച്ച് ആഷിലിന്‍റെ മതാപിതാക്കള്‍ ചേരാനെല്ലൂര്‍ പൊലീസില്‍ പരാതിപെട്ടെങ്കിലും പരിഗണിച്ചില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ഐ.ജി വിജയ് സാഖറക്ക് ആഷിലിന്‍റെ പിതാവ് സജി നല്‍കിയ പരാതിയെ തുര്‍ന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ആഷിലിന്‍റെ മരണം; എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം
നീന്തല്‍ അറിയാമായിരുന്ന ആഷില്‍ മുങ്ങി മരിക്കാന്‍ സാധ്യതയില്ല. മകനെ കൊലപ്പെടുത്തിയതാണെന്ന് ആഷിലിന്‍റെ മതാവ് ആഗിനസ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. മകന്‍ പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മയക്ക്‌മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ആഷില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ പ്രതികാരമായി ആസൂത്രിതമായി കൊലപ്പെടുത്തി കുളത്തിൽ ഇട്ടതാണെന്നാണ് കരുതുന്നത്. മകൻ ധരിച്ചിരുന്ന ചെരിപ്പ്, മാല, മോതിരം എന്നിവ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മകന്‍റെ മരണത്തിന്ന് ഉത്തരവാദിയെന്ന് സംശയിക്കുന്നവരുടെ പേരുകൾ പൊലീസിനും ക്രൈംബ്രാഞ്ചിനും നൽകിയിട്ടുണ്ട്. അവരെ ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ല. കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി കോളുകൾ ലഭിക്കുന്നതായും ആഷിലിന്‍റെ മാതാവ് വെളിപ്പെടുത്തി.

പ്രതികളെന്ന് സംശയിക്കുന്നവർക്ക് ഭരിക്കുന്ന പാർട്ടിയുമായി ബന്ധമുണ്ടെന്നും അതിനാലാണ് ക്രൈബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകാത്തതെന്നും ആഷിലിന്‍റെ പിതാവ് സജി ജോസഫ് ആരോപിച്ചു. ആഷിൽ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും മകന്‍റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ അറിയാമെന്ന് സംശയിക്കുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പ്രതികൾ കേസ് ഒതുക്കി തീർക്കുകയാണെന്നും ആഷിലിന്‍റെ മാതാപിതാക്കൾ ആരോപിച്ചു.

Last Updated : Nov 5, 2019, 2:35 AM IST

ABOUT THE AUTHOR

...view details