എറണാകുളം: എൻഐഎ അറസ്റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയാണ് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ ഈ മാസം മുപ്പതിന് രാവിലെ പതിനൊന്ന് മണിക്ക് ഹാജരാക്കാനും കോടതി നിർദേശിച്ചു. വ്യാഴാഴ്‌ച (22.09.2022) റിമാൻഡ് ചെയ്‌ത കരമന അഷറഫ് മൗലവി ഉൾപ്പടെയുള്ള പത്ത് പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്.
വിലങ്ങ് വച്ച് കോടതിയിലെത്തിച്ച പ്രതികൾ എൻഐഎക്കെതിരെ മുദ്രാവാക്യം വിളിച്ചു. തങ്ങൾ രാജ്യ സ്നേഹികളാണെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും പ്രതികൾ പറഞ്ഞു. കൂടാതെ ആർഎസ്എസിനു വേണ്ടി എൻഐഎ പ്രവർത്തിക്കുകയാണെന്നും പ്രതികൾ വിളിച്ചു പറഞ്ഞു.
ഓരോ പ്രതിക്കെതിരെയും അവരുടെ പങ്കും പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വേണമെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സമുദായങ്ങൾക്കിടയിൽ പോപ്പുലർ ഫ്രണ്ട് അതിക്രമം സൃഷ്‌ടിക്കുന്നതിൽ ബഹുദൂരം മുന്നോട്ട് പോയി എന്ന് വ്യക്തമാകുന്നുവെന്നും കൂടുതൽ തെളിവുകൾ ലഭിക്കാൻ മാത്രമല്ല, സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാൻ കൂടുതൽ അന്വേഷണം ആവശ്യമാണന്നും എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് എൻഐഎ ഉന്നയിച്ചത്. പോപ്പുലർ ഫ്രണ്ടിന്‍റെ കേരളത്തിലെ ഭാരവാഹികളും അംഗങ്ങളും അനുബന്ധ സ്ഥാപനങ്ങളും വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലും പെട്ടവർ തമ്മിൽ ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി.