എറണാകുളം: ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുമായി പട്ടികജാതി പട്ടിക വികസനവകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ നടത്തിയ ചർച്ച പരാജയം. അറാക്കപ്പിലേക്ക് മടങ്ങിപോകണമെന്ന മന്ത്രിയുടെ നിർദേശം കുടുംബങ്ങൾ നിഷേധിച്ചു. അറാക്കപ്പിലെ അടിസ്ഥാന പ്രശ്‌നങ്ങളായ റോഡ്, വൈദ്യുതി തുടങ്ങിയ വിഷയങ്ങളിൽ അടിയന്തിമായി പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും മന്ത്രിയുടെ ഉറപ്പ് പരിഗണിക്കാതെ നേതാക്കൾ ഹാൾ വിട്ട് പുറത്ത് പോകുകയായിരുന്നു.
മന്ത്രിയുമായുള്ള ചർച്ച പരാജയം; അറാക്കപ്പിലേക്ക് മടങ്ങില്ലെന്ന് ആദിവാസി കുടുംബങ്ങൾ ഇടമലയാർ ഐ.ബിയിൽ വെള്ളിയാഴ്‌ച വൈകിട്ടാണ് ചർച്ച നടന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അറാക്കപ്പിൽ അടിസ്ഥാന സൗക്യങ്ങളില്ല എന്ന കാരണത്താൽ 13 കുടുംബങ്ങൾ കോളനി ഉപക്ഷിച്ച് ഇടമലയാറിൽ എത്തിയത്. ഇവർ വൈശാലി ഗുഹക്ക് സമീപം കുടിൽ കെട്ടി താമസിക്കാൻ ഒരുങ്ങിയപ്പോൾ വനം വകുപ്പ് ഇവരെ തടയുകയായിരുന്നു.
ഇവരെ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ നവംബർ ഒന്നിന് സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ ഇവിടെ താമസിച്ച് പഠിക്കുന്ന അമ്പതോളം വരുന്ന കുട്ടികൾ പ്രതിസന്ധിയിലായി. പകരം ഭൂമി പന്തപ്രയിൽ ലഭിക്കാതെ ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാട് എടുത്തതോടെയാണ് മന്ത്രി ചർച്ചക്ക് മുന്നോട്ടു വന്നത്.
ആദിവാസി കുടുംബങ്ങളുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായ മന്ത്രി അറാക്കപ്പ് ആദിവാസി കോളനി സന്ദർശിച്ചിരുന്നു. ഇടമലയാറിൽ എത്തിയ മന്ത്രി ഉദ്യോഗസ്ഥ സംഘത്തോടൊപ്പം രാവിലെയാണ് ബോട്ടിൽ അറാക്കപ്പിലേക്ക് പോയത്. വൈകിട്ട് അഞ്ചോടെ തിരിച്ചെത്തിയ ശേഷമാണ് ആദിവാസി പ്രതിനിധികളെ കണ്ടത്.
ALSO READ:കണ്ണുകെട്ടി തല തിരിച്ചുപിടിച്ച് കീ ബോര്‍ഡിൽ വിസ്‌മയം തീർക്കുന്നു അമല രവീന്ദ്രൻ