എറണാകുളം:സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവ് നായ ശല്യം നേരിടാൻ വോളണ്ടിയർ സേന രംഗത്തിറങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ. സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനായി രൂപീകരിച്ച ട്രെയിനിംഗ് ലഭിച്ച ഭഗത് സിംഗ് യൂത്ത് ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് തെരുവുനായകളെ വന്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. വന്ധീകരണത്തിലെ അപാകതകൾ സംബന്ധിച്ച് പരാതികൾ ഉയർന്നു വരുന്ന സാഹചര്യം പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പേവിഷബാധക്കെതിരായ വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തണം. വാക്‌സിൻ എടുത്തവർക്കും വൈറസ് ബാധ ഉണ്ടാക്കുന്ന സാഹചര്യത്തിൽ വാക്‌സിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനും മികച്ച വാക്‌സിൻ ഉറപ്പ് വരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരണക്കണമെന്നും ഭരണാനുകൂല യുവജന സംഘടനയായ എഐവൈഎഫ് ആവശ്യപ്പെട്ടു.
ഗവർണർക്കെതിരെ വിമർശനവുമായി എഐവൈഎഫ്:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിയുടെ മഹത്വം പാലിക്കണമെന്നും ബിജെപി യുടെ കൈയിലെ പാവയായി അദ്ദേഹം മാറിയിരിക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു . സർക്കാരിന്‍റെ നയങ്ങൾക്കെതിരായി നിരന്തരം പ്രസ്‌താവനകൾ ഇറക്കി വാർത്തകളിൽ ഇടംപിടിക്കുന്നതിനായി ശ്രമിക്കുകയാണ് ഗവർണർ. ഇത്തരം നിലപാട് തുടരുകയാണെങ്കിൽ ഗവർണർ പദവി രാജിവെച്ച് ബിജെപിയുടെ കേരള ഘടകത്തിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
രാജ്യത്ത് ബിജെപി വിരുദ്ധ പോരാട്ടങ്ങൾ ഭിന്നിപ്പിക്കാനാണോ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം: ചോദ്യവുമായി എഐവൈഎഫ്