എറണാകുളം: കൊച്ചി കപ്പല്‍ശാലയില്‍ അഫ്‌ഗാന്‍ പൗരന്‍ ജോലി ചെയ്‌ത കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് പൊലീസ്. സംഭവത്തില്‍ ചാരവൃത്തി ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേസ് അന്വേഷിച്ച കൊച്ചി പൊലീസ് എന്‍ഐഎ അന്വേഷണത്തിനായി ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. എന്നാല്‍ പ്രതി കപ്പലില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി
അഫ്‌ഗാന്‍ പൗരനാണെന്ന കാര്യം മറച്ചുവെച്ച് കപ്പല്‍ശാലയില്‍ ജോലി ചെയ്‌തതിൽ ദുരൂഹതയുണ്ടെന്നാണ് സംശയിക്കുന്നത്. അഫ്‌ഗാന്‍ പൗരനായ ഈദ്ഗുല്‍ വര്‍ഷങ്ങളോളം കറാച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്‌തിരുന്ന വിവരങ്ങളും ഗൗരവമേറിയതാണ്.
അസം സ്വദേശിയായ അമ്മയുടെ മേല്‍വിലാസം ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചത്. ഇത് ഉപയോഗിച്ചാണ് കൊച്ചി കപ്പല്‍ശാലയില്‍ നിർമാണ ജോലികളിൽ ഏർപ്പെട്ടത്. നിര്‍മാണം പുരോഗമിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനുളളില്‍ ഷീറ്റ് വിരിക്കുന്ന ജോലി ഇയാള്‍ ചെയ്‌തുവെന്നാണ് കരുതുന്നത്.