എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളായ നടൻ സിദ്ദിഖ്,നടി ഭാമ എന്നിവരെ വിസ്തരിച്ചു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ദിലീപ് എട്ടാം പ്രതിയായ കേസിൽ താരങ്ങളെ വിസ്തരിച്ചത്. രഹസ്യമായാണ് വിസ്താരം നടന്നത്. ഇതോടെ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലുള്ള 48 പേരുടെ വിസ്താരമാണ് പൂർത്തിയായത്.
നടിയെ ആക്രമിച്ച കേസ്; സിദ്ദിഖിനെയും ഭാമയെയും വിസ്‌തരിച്ചു - Siddique and Bhama were detailed
പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലുള്ള 48 പേരുടെ വിസ്താരം പൂർത്തിയായി.
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് കാരണം നഷ്ടപ്പെട്ടെന്ന് നടി പരാതി നൽകിയപ്പോൾ ദിലീപിനോട് ഇക്കാര്യം ചോദിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിന് സിദ്ദിഖ് മൊഴി നൽകിയിരുന്നു. എന്നാൽ തന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് ദിലീപ് പറഞ്ഞിരുന്നു. നടിയും ദിലീപും തമ്മിൽ പ്രശ്നം ഉള്ളതായി തനിക്കറിയാം. ഹോട്ടൽ അബാദ് പ്ലാസയിൽ സ്റ്റേജ് ഷോയ്‌ക്ക് വേണ്ടിയുള്ള പരിശീലനത്തിനിടെ, നടിയും ദിലീപും തമ്മിലുള്ള തർക്കത്തിൽ താൻ ഇടപെട്ടിരുന്നുവെന്നും സിദ്ദിഖ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴികൾ ദിലീപിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ സിദ്ദിഖ് ആവർത്തിച്ചോയെന്നതാണ് പ്രോസിക്യൂഷനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്.
അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്നം സംബന്ധിച്ച് അറിയാവുന്ന നടിമാരിൽ ഒരാളായതിനാലാണ് ഭാമയെ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത്. ദിലീപ് നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയ കാര്യം അറിയാമെന്ന് ഭാമയും നേരത്തെ മൊഴി നൽകിയിരുന്നു. സാക്ഷിവിസ്താരത്തിനായി നേരത്തെ രണ്ടു തവണ ഭാമ കോടതിയിലെത്തിയിരുന്നുവെങ്കിലും വിസ്താരം നടന്നിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരായി മൊഴി നൽകിയത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന രഹസ്യ വിചാരണയുടെ ഉള്ളടക്കം സംബന്ധിച്ച് വാർത്ത നൽകിയ പത്തു മാധ്യമങ്ങൾക്ക് വിചാരണ കോടതി നോട്ടീസ് അയച്ചു.