എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ദിലീപ് ഉൾപ്പടെയുള്ളവർ ശ്രമിച്ചുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
വധ ഭീഷണി മുഴക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെക്കൂടതെ ദിലീപിന്‍റെ സഹോദരന്‍ അനൂപ്, ഇവരുടെ സഹോദരീ ഭര്‍ത്താവ് സുരാജ്, അപ്പു, ബാബു ചെങ്ങമനാട്, കൂടാതെ കണ്ടാലറിയാവുന്ന ആള്‍ എന്നിങ്ങനെ അഞ്ച് പേരെക്കൂടി എഫ്ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഈ വിഷയത്തിൽ ഗൂഢാലോചന ഉൾപ്പെടെ നടന്നോയെന്നതിൽ വിശദമായ അന്വേഷണം വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ എ.ഡി.ജി.പി എസ് ശ്രീജിത്തിന്‍റെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തത്. ഈയൊരു സാഹചര്യത്തിൽ നടന് നോട്ടീസ് നൽകി വിളിച്ച് വരുത്തിയാകും തുടർ നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക.