എറണാകുളം : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലും, കേസ് അട്ടിമറി ആരോപണം ഉന്നയിച്ച് അതിജീവിത നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡിന്‍റെ ഉത്തരവാദിത്വം അതേ കോടതിക്ക് തന്നെയാണെന്ന് കഴിഞ്ഞ തവണ വാദത്തിനിടെ ഹൈക്കോടതി ഓർമ്മിപ്പിച്ചിരുന്നു.
കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളടങ്ങിയ ക്ലിപ്പുകളുടെ ഹാഷ് വാല്യുവിൽ മാറ്റമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ വിദഗ്‌ധ പരിശോധന ആവശ്യമാണെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്ക് അയക്കുന്നതിൽ ദിലീപ് കോടതിയെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. മെമ്മറി കാർഡിൽ വീണ്ടും പരിശോധന നടത്തുന്നത് തുടരന്വേഷണവും വിചാരണയും വൈകിപ്പിക്കാനാണെന്നാണ് ദിലീപിന്‍റെ വാദം.