എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ മൊഴി നൽകാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലചന്ദ്ര കുമാർ മാധ്യമങ്ങളോട് പ്രതികരിക്കുന്നു പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ തെളിവുകൾ നേരത്തെ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊഴി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്തുമെന്ന് വെറുതെ പറഞ്ഞതല്ല. പല സ്ഥലത്ത് വച്ച് പല സമയങ്ങളിൽ പറഞ്ഞിട്ടുണ്ട്.
താൻ പുറത്ത് വിട്ട ശബ്‌ദം തന്‍റേതല്ലായെന്ന് ദിലീപ് ഇതുവരെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്‍റെ അനുജൻ, ഭാര്യ കാവ്യ മാധവൻ ഉൾപ്പടെ സംസാരിക്കുന്ന ശബ്‌ദരേഖയുണ്ട്. ഇതൊക്കെ ഒരാൾക്ക് കൃത്രിമമായി നിർമിക്കാൻ കഴിയുമോയെന്നും ബാലചന്ദ്ര കുമാർ ചോദിച്ചു. തന്നെ പൊലീസ് രംഗത്ത് ഇറക്കി എന്ന് പറയുന്നവർ തെളിവ് പുറത്തുവിടട്ടെയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ കേസുമായി ബന്ധമുള്ള വിഐപി. തന്‍റെ സാന്നിധ്യത്തിലാണ് വിഐപി ഒരു മന്ത്രിയെ ഫോണിൽ വിളിച്ചു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ വിവരങ്ങൾ പുറത്ത് വിട്ടതിനു ശേഷം തനിക്ക് ഭീഷണിയുണ്ടായി.
ദിലീപിനോട് അടുപ്പമുള്ള ഒരു സിനിമ നിർമാതാവ് തന്‍റെ വീടും വഴിയും ചോദിച്ചു മനസിലാക്കാൻ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. ഈ വിവരവും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഓഡിയോ ക്ലിപ്പുകളിലെ ശബ്‌ദം ദിലീപിന്‍റേതാണെന്ന് തെളിയിക്കാൻ കഴിയും. അതിന് സഹായകമായ 20 ഓഡിയോ ക്ലിപ്പുകൾ കൈമാറിയിട്ടുണ്ട്.
കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ട്. കാവ്യ മാധവന്‍റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായ സാഗറിൻ്റെ മൊഴി ഈ രീതിയിൽ മാറ്റിച്ചതാണ്. ഇതിനുള്ള എല്ലാ തെളിവുകളും താൻ കൈമാറിയിട്ടുണ്ടന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ബാലചന്ദ്ര കുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്‌ച എറണാകുളം ജെഎഫ്‌സിഎം കോടതി രേഖപ്പെടുത്തും.
Also read: ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ദിലീപ്