എറണാകുളം:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഫോണുകൾ കോടതിയിൽ വച്ച് തുറക്കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.
കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നും പരിശോധന ഫലത്തിന്റെ പകർപ്പ് ലഭ്യമാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഫോണുകൾ ക്രൈംബ്രാഞ്ചിന് നേരിട്ട് നൽകുന്നതിനെ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് മജിസ്ട്രേറ്റ് കോടതിയെ കൊണ്ട് ഫോൺ പരിശോധിപ്പിക്കുകയെന്ന നിലപാട് അന്വേഷണ സംഘം സ്വീകരിച്ചത്.