എറണാകുളം:വധഗൂഢാലോചന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചക്ക് 1.45ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്. കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാണ് ദിലീപിന്‍റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ തുടർന്ന് ജനുവരി 9നാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, പ്രേരണ, കുറ്റം ചെയ്യുന്നത് മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വേണ്ടി അന്വേഷണ സംഘം കെട്ടിച്ചമച്ചതാണ് ഈ കേസെന്നും നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ വധഗൂഢാലോചന കേസ് സിബിഐക്ക് വിടുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു.