പുതുശ്ശേരി പാലം പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ - മന്ത്രി
പുതുശ്ശേരി പാലത്തിന്‍റെ പുനർ നിർമ്മാണം സംബന്ധിച്ചുള്ള കാര്യങ്ങൾ റവന്യു ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധിച്ചുവരികയാണെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍.
തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന വൈപ്പിനിലെ പുതുശ്ശേരി പാലം പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. നിയമസഭയിൽ എസ് ശർമ എംഎല്‍എയുടെ സബ്മിഷനായിരുന്നു മന്ത്രിയുടെ മറുപടി. കടലാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വൈപ്പിൻ ചെല്ലാനം ഉൾപ്പെടെയുള്ള മേഖലകളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പുതുശ്ശേരി പാലത്തിന്‍റെ പുനർ നിർമ്മാണം സംബന്ധിച്ചുള്ള കാര്യങ്ങൾ റവന്യു ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വൈപ്പിൻ മേഖലയിൽ കടലാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. നായരമ്പലം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്യാമ്പുകൾ തുറക്കാൻ സർക്കാർ സജ്ജമാണ്. ക്യാമ്പിലുള്ളവർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.