എറണാകുളം: കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് രണ്ടാം കൂനൻ കുരിശ് സത്യം പരിപാടി നടത്തും. മാർ തോമാ ചെറിയ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടത്തില്‍ തൊട്ടുനിന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ സത്യവിശ്വാസ പ്രഖ്യാപനം ചൊല്ലിക്കൊടുക്കും.
കാതോലിക്കാ ബാവായുടെ കൈപിടിച്ചു പള്ളിക്ക് മുന്നിലെ കൽക്കുരിശ് വരെ നിലകൊള്ളുന്ന മെത്രാപ്പൊലീത്തമാരും വൈദികരും കൽക്കുരിശിൽ നിന്നും കെട്ടിയിടുന്ന കയറുകളിൽ പിടിച്ച് വിശ്വാസികളും കൈകോർത്തു നിന്നാകും സത്യപ്രതിജ്ഞ. പരിപാടിയില്‍ യാക്കോബായ സുറിയാനി സഭയിലെ വിവിധ പള്ളികളിൽ നിന്നെത്തുന്ന ഒരു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കും. രണ്ടാം കൂനൻകുരിശ് സത്യവിശ്വാസ പ്രഖ്യാപനത്തോടെ സഭ നേരിടുന്ന പീഡനങ്ങൾക്കും സഹനങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഫാ ജോസ് പരത്തുവേലി പറഞ്ഞു.