എറണാകുളം:ദോഹയിൽ നിന്നും ഒമാനിൽ നിന്നും രണ്ട് വിമാനങ്ങളിലായി 234 പ്രവാസികൾ കൊച്ചിയിലെത്തി. ഒമാനിൽ നിന്നും പൊതുമാപ്പ് ലഭിച്ച 49 പ്രവാസികളും ദോഹയിൽ നിന്നും 185 പേരുമാണ് വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയത്.
രണ്ട് വിമാനങ്ങളിലായി 234 പ്രവാസികൾ കൊച്ചിയിലെത്തി
ഒമാനിൽ നിന്നും പൊതുമാപ്പ് ലഭിച്ച 49 പ്രവാസികളും ദോഹയിൽ നിന്നും 185 പേരുമാണ് ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയത്
ഒമാനിൽ നിന്നും പൊതുമാപ്പ് ലഭിച്ചവർ മസ്‌കറ്റ് - കൊച്ചി ഒമാൻ എയർ വിമാനത്തിലാണെത്തിയത്. വിവിധ കേസുകളിൽപ്പെട്ട് ജയിലിലായിരുന്ന ഇവർക്ക് കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പൊതുമാപ്പ് ലഭിച്ചത്. എറണാകുളം - 1,ഇടുക്കി - 2, കണ്ണൂർ - 1, കാസർകോട് - 3, കൊല്ലം - 2, കോഴിക്കോട്- 5, മലപ്പുറം - 1, പത്തനംതിട്ട - 1, തിരുവനന്തപുരം - 5, തൃശ്ശൂർ - 1 എന്നിങ്ങനെയാണ് ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 27 പേരും ഈ സംഘത്തിലുണ്ടായിരുന്നു.
വിമാനത്താവളത്തിൽ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം പ്രവാസികളെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. മസ്‌കറ്റിലേക്ക് മടങ്ങിയ ഒമാന്‍ വിമാനത്തിൽ 18 ഒമാൻ പൗരന്മാരും യാത്ര തിരിച്ചു. കേരളത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തി ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയവരാണ് സുരക്ഷ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങിയത്. ദോഹയിൽ നിന്നും 185 പ്രവാസികളുമായി എത്തിയ എയർ ഇന്ത്യ വിമാനത്തിൽ എട്ട് കുട്ടികളും നാട്ടിലെത്തി.