കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്പ് പട്ടുവം വില്ലേജ് ഓഫിസറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം സ്വദേശി ജസ്റ്റിസ് ബഞ്ചമിനെയാണ് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്നുമാണ് 2000 രൂപ കൈക്കൂലി വാങ്ങാൻ വില്ലേജ് ഓഫിസർ ശ്രമിച്ചത്.
കഴിഞ്ഞ മാസം മൂന്നാം തിയതി പിന്തുടർച്ച സർട്ടിഫിക്കറ്റിനായി പ്രകാശൻ പട്ടുവം വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകാതെ വൈകിപ്പിച്ച വില്ലേജ് ഓഫിസർ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ നിരന്തരം വിലപേശുകയും 2000 രൂപ തരാമെന്ന് പറയുകയുമായിരുന്നു.