കണ്ണൂര്‍: ഏഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തമിഴ്‌നാട് കല്ലത്തൂർ സ്വദേശി എ. വേലുസ്വാമിയെയാണ് പോക്‌സോ നിയമപ്രകാരം തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടും രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം വിവാദമായതോടെ കുട്ടിയെ കണ്ണൂർ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും നേരിട്ട് കൗൺസിലിങിന് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് ഇവർക്ക് കുട്ടി നൽകിയ മൊഴിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
ഏഴു വയസുകാരനെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍ - tamilnadu native arrested in pocso
കൗണ്‍സിലിങ്ങിനിടെ കുട്ടി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് രണ്ട് ദിവസത്തിന് ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടിയുടെ കുടുംബം താമസിക്കുന്ന ലൈൻ ക്വാർട്ടേഴ്സിന് മുമ്പിലാണ് പ്രതിയായ വേലുസ്വാമി താമസിച്ചിരുന്നത്. ഇയാളുടെ മുറിയില്‍ നിന്ന് മടങ്ങി വന്ന കുട്ടിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെയാണ് പീഡനം നടന്നതായി സംശയം ഉയര്‍ന്നത്. ഇതോടെ വിവരം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. സംഭവം നടന്ന അന്ന് തന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും തമിഴ്നാട് സ്വദേശിയെ പിടികൂടി ഏൽപ്പിക്കുകയും ചെയ്തു. എന്നിട്ടും ഇയാൾക്കെതിരെ കേസ് പോലും രജിസ്റ്റർ ചെയ്യാതെ അന്ന് രാത്രിയോടെ വിട്ടയച്ചുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
കുട്ടിയുടെയോ വീട്ടുകാരുടെയോ മൊഴിയിൽ പീഡനത്തെക്കുറിച്ച് പരാമർശമില്ലെന്നാണ് കേസെടുക്കാത്തതിനെതിരായ ആരോപണത്തില്‍ തളിപ്പറമ്പ് പൊലീസിന്‍റെ വിശദീകരണം. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ വിഷയത്തിൽ ഇടപെടുകയായിരുന്നു.