കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിലുണ്ടായ വിഭാഗീയതയിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടി. മുൻ ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കികൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കി. ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് പാർട്ടി നടപടി.
സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിലുണ്ടായ വിഭാഗീയതയെ തുടർന്ന് കോമത്ത് മുരളീധരൻ ഇറങ്ങിപ്പോകുകയും അനുകൂലികൾ പരസ്യമായി ശക്തിപ്രകടനം നടത്തുകയും പോസ്റ്റർ പതിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ അടക്കം രാജി വെക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് സംഭവത്തിൽ നോർത്ത് ലോക്കൽ നേതൃത്വം മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് വിശദീകരണ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് വിശദീകരണം നൽകാൻ ഇവർ തയ്യാറാവാതായതോടെ നോർത്ത് ലോക്കൽ കമ്മിറ്റി യോഗം ഏരിയ കമ്മിറ്റിക്ക് നടപടികൾക്ക് ശുപാർശ നൽകിയത്.