കണ്ണൂര്‍: മയ്യിൽ കയരളത്തെ മലയൻ കുനിക്കാരുടെ കരിമ്പ് കൃഷി ലോക്ക് ഡൗണിൽ കരിഞ്ഞുണങ്ങുന്നു. 55 വർഷത്തോളമായി കരിമ്പ് കൃഷി ചെയ്യുന്ന രാജൻ, ദാമോദരൻ എന്നിവരുടെ കൃഷിയാണ് പാകമായിട്ടും വിളവെടുക്കാനാവാതെ വെയിലിൽ കരിഞ്ഞുണങ്ങുന്നത്. വീടിന് സമീപം പാട്ടത്തിനെടുത്ത 15 സെന്‍റിലാണ് ഇവർ കരിമ്പ് കൃഷി ചെയ്യുന്നത്.
കരിമ്പ് കര്‍ഷകര്‍ക്ക് ഇത് കയ്‌പ്പേറിയ കാലം
ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഇറക്കിയ കൃഷി വിളവെടുപ്പിന് പാകമായിട്ടും ലോക്ക് ഡൗണ്‍ മൂലം വില്‍പ്പന പ്രതിസന്ധിയിലാവുകയാണ്
മധുരമൂറുന്ന ഇവിടുത്തെ കരിമ്പ് കണ്ണൂർ, കാസര്‍കോട് ജില്ലകളിലെ ഉത്സവ, ഉറൂസ് സീസണ്‍ ലക്ഷ്യമിട്ട് കൃഷി ചെയ്തതാണ്. ഈ സമയങ്ങളില്‍ വിവിധയിടങ്ങളില്‍ നിന്നായി നിരവധി തെരുവ് കച്ചവടക്കാരാണ് ഈ സഹോദരങ്ങളുടെ കരിമ്പ് തേടി എത്താറുള്ളത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ഉത്സവങ്ങളും ഉറൂസുകളും ചടങ്ങ് മാത്രമായപ്പോൾ ഇവരുടെ കരിമ്പ് കൃഷിക്കും ലോക്ക് വീണ അവസ്ഥയാണ്.
വിളവെടുക്കാത്തതിനാല്‍ പാകമായ കരിമ്പ് ഉണങ്ങി തുടങ്ങി. 55 വർഷത്തിനിടയിൽ കരിമ്പ് വിളവെടുക്കാത്ത ഒരു വര്‍ഷം പോലും ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകരില്‍ ഒരാളായ ദാമോദരൻ പറയുന്നത്. പാകമായ കരിമ്പ് വെട്ടിയെടുത്ത് അതെ സ്ഥലത്ത് അടുത്ത വര്‍ഷത്തേക്കുള്ള കരിമ്പ് കൃഷി ചെയ്യാൻ പറ്റാതെ വന്നാൽ വരും വര്‍ഷവും ഇതേ പ്രതിസന്ധി ഉണ്ടാകും. കരിമ്പ് വിപണയില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.