കണ്ണൂർ:നാട് മുഴുവൻ ഓൺലൈൻ പഠനത്തിൽ മുഴുകിയിരിക്കുമ്പോൾ ശ്രീകണ്‌ഠാപുരത്തെ ഒരു കുടുംബം ഇരുട്ടിലാണ്. ചുഴലി ചാലിൽവയലിലെ റഹ്മാനും മൗമൂനത്തും മൂന്ന് കുട്ടികളും വൈദ്യുതിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വര്‍ഷമായി. തന്‍റെ പറമ്പിലൂടെ സര്‍വീസ് ലൈന്‍ അനുവദിക്കില്ലെന്ന അയല്‍വാസിയുടെ പിടിവാശിയാണ് ഇവര്‍ക്ക് ദുരിതമായത്. ഇതോടെ കുട്ടികളുടെ ഓൺലൈൻ പഠനവും പ്രതിസന്ധിയിലായി.
അയല്‍വാസിയുടെ പിടിവാശിയില്‍ വൈദ്യുതിയില്ല; ഓൺലൈൻ പഠനം പ്രതിസന്ധിയിലായി വിദ്യാര്‍ഥികള്‍ നാലാം ക്ലാസുകാരനായ മൂത്ത മകൻ മുഹമ്മദ് റിസ്വാനും രണ്ടാം ക്ലാസുകാരായ സന ഫാത്തിമയും റിസ ഫാത്തിമയും പഠനം നടക്കാത്തതിന്‍റെ വിഷമത്തിലാണ്. പിതാവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ബാറ്ററി ചാർജ് തീർന്നാൽ പഠനം അവസാനിക്കും. പകൽ സമയങ്ങളിൽ മറ്റൊരു അയൽവാസിയുടെ വീട്ടിലെ ടി.വിയിലൂടെയാണ് ഇവർ ക്ലാസ് കാണുന്നത്.
കോഴിക്കോട് ജില്ലക്കാരനായ റഹ്മാൻ 10 വർഷത്തിലേറെയായി ചുഴലിയിൽ നിര്‍മാണ തൊഴിലാളിയാണ്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത് എട്ട് മാസങ്ങൾക്ക് മുമ്പാണ്. ആറ് സെന്‍റ് സ്ഥലം വാങ്ങി ഒരു കൊച്ചു വീട് പണിതു. വയറിങ് ജോലിയും പൂര്‍ത്തിയാക്കി. എന്നാല്‍ സര്‍വീസ് ലൈന്‍ പറമ്പിലൂടെ അനുവദിക്കില്ലെന്ന് അയല്‍വാസി പറഞ്ഞത് ഇവര്‍ക്ക് തിരിച്ചടിയായി.
പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്‍റും കെ.എസ്.ഇ.ബി ജീവനക്കാരും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. വിഷയം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്. കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന കാര്യമായതിനാൽ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.