വ്യവസായിയുടെ ആത്മഹത്യ; കൺവെൻഷൻ സെന്‍ററിൽ ഇന്ന് പരിശോധന - നഗരസഭ
സംഭവത്തിൽ ആരോപണ വിധേയയായ പി കെ ശ്യാമളയുടെ മൊഴിയും സംഘത്തിന് രേഖപ്പെടുത്തേണ്ടതുണ്ട്
കണ്ണൂർ: ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകാതിരുന്ന പാർഥ കൺവെൻഷൻ സെന്‍ററിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. നഗരസഭയുമായി ബന്ധപ്പെട്ട രേഖകളടക്കം പരിശോധിക്കും. ഇന്നലെ സാജന്‍റെ കുടുംബാംഗങ്ങളുടെ മൊഴി ഡി വൈ എസ് പി വി എ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ നാലു പേജുള്ള കുറിപ്പ് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ പീഡന വിവരങ്ങളടക്കം അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം പി ജയരാജനടക്കമുള്ളവരുടെ സഹായങ്ങളെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. ഇത് ആത്മഹത്യ കുറിപ്പല്ല എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംഭവത്തിൽ ആരോപണ വിധേയയായ പി കെ ശ്യാമളയുടെ മൊഴിയും സംഘത്തിന് രേഖപ്പെടുത്തേണ്ടതുണ്ട്. അതേ സമയം ആന്തൂർ നഗരസഭ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത എം സുരേശൻ കൺവെൻഷൻ സെന്‍ററിന് ഉടൻ അനുമതി നൽകാനുള്ള നടപടിക്രമങ്ങൾ തുടങ്ങി.