കണ്ണൂർ : ബി.ജെ.പി ഉയർത്തുന്ന ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ സി.പി.എം തയ്യാറാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 23-ാം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ കമ്മ്യൂണിസം ഇല്ലാതാക്കാമെന്ന ചിന്ത വേണ്ട. ഇടതുപക്ഷത്തിന്‍റെ ശക്തി വർധിപ്പിക്കണം. സിപിഎം വളരുന്നതോടൊപ്പം ഇടത് ശക്തികളുടെ ഐക്യം ശക്തിപ്പെടണമെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപി വെല്ലുവിളി നേരിടാൻ സിപിഎം തയ്യാര്‍, മതേതര ശക്തികള്‍ ഒന്നിക്കണം : സീതാറാം യെച്ചൂരി - സീതാറാം യെച്ചൂരി
ബിജെപിക്കെതിരായി പ്രവർത്തിക്കാൻ ഏത് രാഷ്ട്രീയ പാർട്ടിയേയും സ്വാഗതം ചെയ്യുന്നുവെന്നും യെച്ചൂരി
ഹിന്ദുത്വ വർഗീയതയ്ക്ക് എതിരെ മതേതര ശക്തികള്‍ ഒന്നിക്കണം. ഏത് രാഷ്ട്രീയ പാർട്ടിയേയും ബിജെപിക്കെതിരെ പ്രവർത്തിക്കാൻ സ്വാഗതം ചെയ്യുന്നു. ബി.ജെ.പി സർക്കാരിന്‍റെ തെറ്റായ നടപടികളെ ചെങ്കൊടിയുടെ കീഴിൽ നിന്ന് എതിർക്കും. കോൺഗ്രസ് സോഷ്യലിസം പറയുന്നുണ്ടെങ്കിൽ ബിജെപിക്കെതിരെ രംഗത്തുവരണം. കോൺഗ്രസ് എന്തിനൊപ്പം നിൽക്കണം എന്ന് ചിന്തിക്കണമെന്നും യെച്ചൂരി പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ പറഞ്ഞ വാക്കുകൾ എല്ലാം പാലിച്ചതിനാലാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. കേരളം നാനാജാതി മതസ്ഥരേയും ഒന്നിച്ച് കൊണ്ടുപോകുന്നു. എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ അതിന് സാധിക്കുന്നില്ലെന്ന ചോദ്യം രാജ്യവ്യാപകമായി ഉയർത്തും. ചരിത്രത്തിൻ്റെ ഭാഗമായ പാർട്ടി കോൺഗ്രസാണ് കണ്ണൂരില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.