കേരളം

kerala

ETV Bharat / city

ശ്രമിക് ട്രെയിനുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നു; പ്രതിഷേധം ശക്തം

രണ്ട് തവണയാണ് ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയത്.

Shramik trains canceled without warning  shramik train news  kannur news  കണ്ണൂര്‍ വാര്‍ത്തകള്‍  ശ്രമിക് ട്രെയിൻ വാര്‍ത്തകള്‍
ശ്രമിക് ട്രെയിനുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നു; പ്രതിഷേധം ശക്തം

By

Published : Jun 2, 2020, 10:36 PM IST

കണ്ണൂര്‍ : ഇതര സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നത് ദുരിതം സൃഷ്ടിക്കുന്നതായി ആക്ഷേപം. ഈ നടപടി അതിഥി തൊഴിലാളികൾക്ക് ദുരിതമാകുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർക്ക് തലവേദനയായി മാറുകയാണ്. അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമിക് ട്രെയിൻ സർവീസുകളാണ് മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് റദ്ദാക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സമാനമായ സ്ഥിതി ഉണ്ടായി.

തിങ്കളാഴ്ച രാത്രി കണ്ണൂരിൽ നിന്നും യുപി യിലേക്ക് ട്രെയിൻ പുറപ്പെടുന്നു എന്ന വിവരമാണ് ജില്ലാ ലേബർ ഓഫിസർ തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് നല്‍കിയത്. അതിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രി ഏഴ്‌ മണിക്ക് അനുവദിച്ച പ്രകാരമുള്ള 51 പേരെ തളിപ്പറമ്പ് നഗരസഭ അധികൃതർ ബസ് സ്റ്റാൻഡിൽ എത്തിയ കെഎസ്ആർടിസി ബസിൽ കയറ്റുകയും ചെയ്തു. എന്നാൽ ബസ് പുറപ്പെടാനുള്ള അറിയിപ്പ് കാത്തിരുന്ന അധികൃതർക്ക് ട്രെയിൻ റദ്ദാക്കി എന്ന വിവരമാണ് 7.30 ഓടെ ലഭിച്ചത്.

തുടർന്ന് ബസിൽ ഉണ്ടായിരുന്ന 51 യുപി സ്വദേശികളെയും രാത്രി തന്നെ തിരികെ അവരുടെ താമസസ്ഥലങ്ങളിലേക്ക് നഗരസഭ അധികൃതർക്ക് എത്തിക്കേണ്ടി വന്നു. അതിനിടെ രാത്രി 11 മണിയോടെ ചൊവ്വാഴ്ച രാവിലെ യുപിയിലേക്കുള്ള ട്രെയിൻ കണ്ണൂരിൽ നിന്ന് പുറപ്പെടുമെന്ന അറിയിപ്പ് വീണ്ടും ലഭിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ ഹിന്ദി അറിയാവുന്ന ഉദ്യോഗസ്ഥർ 51 പേരെയും ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് വീണ്ടും ഇവരെ തളിപ്പറമ്പ് ബസ് സ്‌റ്റാൻഡിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ കയറ്റിയിരുത്തി. അതിനിടെ 8.15ന് ട്രെയിൻ ക്യാൻസൽ ചെയ്തെന്ന വിവരം ലേബർ ഓഫിസർ തളിപ്പറമ്പ് നഗരസഭാ അധികൃതർക്ക് നൽകുകയും ചെയ്തു. ഇത് നഗരസഭ അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. രണ്ടുതവണ കബളിപ്പിക്കപ്പെട്ട അതിഥി തൊഴിലാളികളെ എങ്ങനെ കാര്യം പറഞ്ഞു മനസിലാക്കും എന്ന ആശങ്കയും അവർക്ക് ഉടലെടുത്തു.

തുടർന്ന് പത്ത് മണിയോടെ തളിപ്പറമ്പ് തഹസിൽദാർ സ്ഥലത്തെത്തിയാണ് ഇവരെ വിവരം പറഞ്ഞ് തിരികെ വീണ്ടും താമസസ്ഥലത്തേക്ക് മടക്കി അയച്ചത്. നേരത്തെയും ട്രെയിനുകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതിന്‍റെ പേരിൽ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് അതിഥി തൊഴിലാളികളാണ്. വിഷമ വൃത്തത്തിലാകുന്നത് നഗരസഭ അധികൃതരും. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ റെയിൽവേയിൽ ബന്ധപ്പെട്ടെങ്കിലും ട്രെയിൻ റദ്ദാക്കാൻ ഒരു അറിയിപ്പും നൽകിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്‍റെ ഏകോപനത്തിലെ വീഴ്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തിൽ ജില്ലാ കലക്ടർ അടക്കമുള്ളവർ ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുകയാണ്.

ABOUT THE AUTHOR

...view details