കണ്ണൂര്‍: പാനൂരിനടുത്ത് ചമ്പാട് സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വില്ലേജ് ഓഫീസിലെത്തുന്നവർ അറിയാത്തൊരു കാര്യമുണ്ട്. വില്ലേജ് ഓഫീസർ ഒരു ദേശീയ ചാമ്പ്യനാണെന്ന കാര്യം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിലെ ഷോട്ട്പുട് മത്സരത്തിലാണ് വില്ലേജ് ഓഫീസറായ സലിം സ്വർണം നേടിയത്. 28 സംസ്ഥാനങ്ങളിൽ നിന്നായി മത്സരാർത്ഥികൾ എത്തിയിരുന്നെങ്കിലും അവരെയെല്ലാം പിന്തള്ളിയാണ് മമ്പറം കുയിലിൽ പീടിക സ്വദേശി സലിം കിളച്ചപറമ്പത്ത് സ്വർണം നേടിയത്.
ഷോട്‌പുട് ചാമ്പ്യനായ പന്ന്യന്നൂരെ വില്ലേജ് ഓഫീസര്‍ - kannur news
പന്ന്യന്നൂർ വില്ലേജ് ഓഫീസര്‍ സലിം കിളച്ചപറമ്പത്താണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിലെ ഷോട്ട്പുട് മത്സരത്തില്‍ ഒന്നാമതെത്തിയത്.
![ഷോട്‌പുട് ചാമ്പ്യനായ പന്ന്യന്നൂരെ വില്ലേജ് ഓഫീസര്‍ കണ്ണൂര്‍ വാര്‍ത്തകള്‍ പന്ന്യന്നൂർ വില്ലേജ് ഓഫീസര്‍ kannur news pannyannur village office](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5751098-thumbnail-3x2-knr.jpg)
ചത്തീസ്‌ഗഢിൽ നടന്ന അഖിലേന്ത്യാ സിവിൽ സർവീസ് മീറ്റ് ഷോട്ട്പുട്ടിൽ വെള്ളിമെഡലും നേടിയിട്ടുണ്ട് സലിം. രണ്ടു തവണ വെങ്കല മെഡലും ലഭിച്ചിരുന്നു. സംസ്ഥാന സിവിൽ സർവീസ് മീറ്റിലെയും, മാസ്റ്റേഴ്സ് മീറ്റിലെയും ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും സലിം തുടർച്ചയായി ഒന്നാം സ്ഥാനത്താണ് . എല്ലാ ദിവസവും രാവിലെ 6 മുതൽ 7 വരെ നീളുന്ന പരിശീലനമാണ് ഇതിനായി നടത്തിയതെന്ന് സലിം പറഞ്ഞു. നേരത്തെ മട്ടന്നൂർ ലാന്‍റ് ആന്‍റ് അക്വിസിഷൻ ഓഫീസിൽ ജോലി ചെയ്തതിനു ശേഷം മൂന്ന് വർഷം മുമ്പാണ് വില്ലേജ് ഓഫീസറായി പന്ന്യന്നൂര് എത്തുന്നത്.
കഴിഞ്ഞ പ്രളയകാലത്തെ വില്ലേജ് ഓഫീസറുടെ സേവനം ഏറെ ശ്രദ്ധേയമായിരുന്നു. മാക്കുനി, ചമ്പാട് മേഖലകളില്‍ നിന്ന് വീട്ടുകാരെ ഒഴിപ്പിക്കാനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി നാട്ടുകാർക്കൊപ്പം രാത്രി വൈകിയും സലിം മുന്നിൽ തന്നെയുണ്ടായിരുന്നു. പരാതികൾക്കിടയില്ലാത്ത വിധം വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്ന വില്ലേജ് ഓഫീസറായതിനാല്‍ നാട്ടുകാർക്കും സലിം പ്രിയങ്കരനാണ്. ഭാര്യ രുക്സാനയും മകൻ സഹലും അടങ്ങുന്നതാണ് സലീമിന്‍റെ കുടുംബം.