കേരളം

kerala

ETV Bharat / city

നാട്ടുനന്മയുടെ നല്ല കാഴ്ചയായി ശീപോതി തെയ്യങ്ങള്‍ വീടുകളിലേക്ക് - ചിങ്ങത്തിന്‍റെ വരവറിയിച്ച് ശീപോതി തെയ്യങ്ങള്‍ വീടുകളിലേക്ക്

നിലവിളക്കും നിറനാഴി അരിയുമായി വീടുകളിൽ ശീപോതിയെ വരവേൽക്കും. ശീപോതി വീടുകളിലെത്തുന്നതോടെ കർക്കടകത്തിന്‍റെ ദുരിതങ്ങൾ മാറി ചിങ്ങത്തിന്‍റെ നന്മയും ഐശ്വര്യവും വീടുകളിലേക്ക് എത്തുമെന്നാണ് വിശ്വാസം.

തെയ്യം

By

Published : Aug 18, 2019, 1:33 PM IST

Updated : Aug 18, 2019, 4:20 PM IST

കണ്ണൂര്‍: ഇടതടവില്ലാതെ മഴ പെയ്യുന്ന കർക്കടകം ദുരിതങ്ങളും ദാരിദ്ര്യവും നിറഞ്ഞതാണ്. കർക്കടകത്തിന്‍റെ ദോഷങ്ങൾ അകറ്റി ചിങ്ങമാസത്തിന്‍റെ ഐശ്വര്യം വീടുകളിൽ എത്തിക്കാൻ കടത്തനാടൻ ഗ്രാമങ്ങളിൽ മഹാലക്ഷ്മിയുടെ പ്രതിരൂപമായി ശീപോതി തെയ്യങ്ങൾ എത്തുക പതിവാണ്. പഴമകളെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴും കടത്തനാടൻ മണ്ണിന്‍റെ ചില ഭാഗങ്ങളിൽ ശീപോതി തെയ്യങ്ങൾ വീടുകൾ കയറുന്നത് ഇപ്പോഴും നാട്ടുനന്മയുടെ നല്ല കാഴ്ചകളാണ്.

നാട്ടുനന്മയുടെ നല്ല കാഴ്ചയായി ശീപോതി തെയ്യങ്ങള്‍ വീടുകളിലേക്ക്

നിലവിളക്കും നിറനാഴി അരിയുമായി വീടുകളിൽ ശീപോതിയെ വരവേൽക്കും. ശീപോതി വീടുകളിലെത്തുന്നതോടെ കർക്കടകത്തിന്‍റെ ദുരിതങ്ങൾ മാറി ചിങ്ങത്തിന്‍റെ നന്മയും ഐശ്വര്യവും വീടുകളിലേക്ക് എത്തുമെന്നാണ് വിശ്വാസം. തുടി കൊട്ടി പാട്ടിനൊത്ത് ശീപോതി നൃത്തച്ചുവടുകൾ വെക്കും. പൊട്ട പാട്ടിന്‍റെ അവസാനം ചുണ്ണാമ്പു വെള്ളത്താൽ നിലവിളക്കിന് ആരതി ഉഴിഞ്ഞ് വീടിന്‍റെ കിഴക്ക് ഭാഗത്തേക്ക് ഒഴുക്കുന്നതോടെ വീട്ടിൽ നിന്നും കർക്കടത്തിന്‍റെ ദോഷങ്ങൾ ഒഴിഞ്ഞ് പോകും എന്നാണ് വിശ്വാസം. ദക്ഷിണയും വാങ്ങിയാണ് ശീപോതി അടുത്ത വീടുകളിലേക്ക് പോവുക.

കുട്ടികളാണ് ശീപോതി തെയ്യം കെട്ടുന്നത്. പണ്ട് കാലത്ത് കടത്തനാടിന്‍റെ മുഴുവൻ ഭാഗങ്ങളിലും കണ്ടു വന്നിരുന്ന ശീപോതി തെയ്യങ്ങൾ ഇന്ന് കുറ്റ്യാടി നിട്ടൂരിൽ മാത്രമാണ് കാണാൻ കഴിയുക. മലയ സമുദായക്കാരാണ് വ്രതാനുഷ്ടാനങ്ങളോടെ ശീപോതി തെയ്യങ്ങൾ കെട്ടുന്നത്.

ഇക്കൊല്ലം ദക്ഷിണയായി കിട്ടുന്നതിൽ ഒരു പങ്ക് പ്രളയദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ക്യാമ്പുകളിലേക്ക് നൽകുമെന്ന് ശീപോതി പാട്ടുകാരൻ അജീഷ് വെള്ളോലിപ്പിൽ പറഞ്ഞു. ശീപോതി എത്തുന്നതോടെ കടത്തനാട്ടിൽ മലയാള പുതുവർഷത്തിന്‍റെ ആഘോഷങ്ങൾക്കും തുടക്കമാകും.

Last Updated : Aug 18, 2019, 4:20 PM IST

ABOUT THE AUTHOR

...view details