കണ്ണൂർ: കൊവിഡ് മഹാമാരിയായി ആഞ്ഞടിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ സേവനം എടുത്തു പറയേണ്ടതാണ്. സ്വന്തം ജീവൻ പണയം വെച്ചാണ് ആരോഗ്യപ്രവർത്തകർ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ച ഈ കൊവിഡ് കാലത്ത് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ ഗവേഷണ വിഭാഗം റോബോട്ടിക് ട്രോളി എന്ന ആശയം രൂപപ്പെടുത്തിയത്.
ആരോഗ്യപ്രവർത്തകർക്ക് രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി കൊവിഡ് ചികിത്സാ വാർഡുകളിൽ മരുന്നും ഭക്ഷണവും എത്തിക്കാൻ റോബോട്ടിക് ട്രോളി ഉപയോഗിക്കാം. പരീക്ഷണാർത്ഥം കണ്ണൂർ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയ റോബോട്ടിക് ട്രോളി പിന്നീട് തലശേരി ജനറൽ ആശുപത്രിയിലും പരിയാരം സർക്കാർ മെഡിക്കൽ കോളജിലും എത്തി. ഇപ്പോൾ ഒരു ആരോഗ്യ പ്രവർത്തകന്‍റെ റോളിലേക്ക് ഈ 'ഓട്ടോമാറ്റിക്ക് മിടുക്കൻ' മാറിക്കഴിഞ്ഞു. റോബോട്ടിക് സാങ്കേതിക വിദഗ്ധനും ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് അസോസിയേറ്റ് പ്രൊഫസറുമായ സുനിൽ പോളിന്‍റെ മേൽനോട്ടത്തിലാണ് ഈ വിദൂര നിയന്ത്രണ ട്രോളി സംവിധാനം യാഥാർഥ്യമാക്കിയത്.