കണ്ണൂർ:മട്ടന്നൂരിൽ വീടിനകത്തുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശികളായ അച്ഛനും മകനും മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം. ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡും, ഫോറൻസിക് വിദഗ്‌ധരും നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി.
കുറ്റിക്കാട്ടിലോ ആളൊഴിഞ്ഞ പറമ്പിലോ ഒളിപ്പിച്ചുവച്ച സ്റ്റീൽ ബോംബ് സ്റ്റീൽ പാത്രമാണെന്ന് കരുതി എടുത്തതാകാമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ (06.07.2022) സന്ധ്യയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിന് സമീപം പത്തൊൻപതാം മൈലിലെ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സ്ഫോടനം.
സ്‌ഫോടനസ്ഥലത്ത് വച്ച്തന്നെ ഫസൽ ഹഖ് (50) എന്നയാൾ കൊല്ലപ്പെട്ടു. മകനായ ഷഹീദുളിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. തുടർന്ന് ഷഹീദുളിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.