കണ്ണൂർ:സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ വെല്ലുവിളിച്ച് ജെആര്‍പി സംസ്ഥാന ട്രഷറർ പ്രസീത. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. അതിനു ശേഷം മറ്റു തെളിവുകൾ പുറത്തു വിടമെന്നും മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ വ്യക്തമാക്കി. കെ സുരേന്ദ്രന്‍റെ വർത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രസീതയുടെ വെല്ലുവിളി.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തിനെതിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കിൽ കേസ് കൊടുക്കണം. ശബ്ദരേഖ പരിശോധിക്കണം. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം. ഒരു എഡിറ്റിങ്ങും ആ ഓഡിയോയിൽ നടത്തിയിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത അഴിക്കോട് പറഞ്ഞു.