കണ്ണൂര്‍: വെള്ളിയാഴ്‌ച ഉച്ചയോടെ കതിരൂർ പൊന്ന്യം ചൂള മിൽറോഡിനടുത്ത താൽക്കാലിക താവളത്തിൽ പൊട്ടിത്തെറിച്ചത് നാടൻ ബോംബാണെന്ന് കണ്ടെത്തി. സമീപത്ത് നിന്നും കണ്ടെത്തിയത് സ്റ്റീൽ ബോംബുകളാണെങ്കിലും പൊട്ടിയ സ്‌ഫോടക വസ്തുവിൽ സ്റ്റീൽ കണ്ടെയ്നറുകളുടെ അവശിഷ്ടം ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. നിർമ്മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായതെന്ന് ഉറപ്പിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സംഘത്തിൽ ആറ് പേർ ഉണ്ടായിരുന്നു. ഇവരിൽ എല്ലാവർക്കും നിസാര പരിക്കുണ്ട്. കൂട്ടത്തിലുള്ള രണ്ടുപേര്‍ ഗുരുതര നിലയിൽ ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു. ഇതിൽ ഒരാൾക്ക് ഇരു കൈകളും നഷ്ടപ്പെട്ടു. രണ്ടാമത്തെയാള്‍ക്ക് മുഖത്തും കണ്ണിനുമാണ് പരിക്ക്.
കതിരൂരില്‍ പൊട്ടിത്തെറിച്ചത് നാടൻ ബോംബെന്ന് പൊലീസ് - കേരള പൊലീസ്
സമീപത്ത് നിന്നും കണ്ടെത്തിയത് സ്റ്റീൽ ബോംബുകളാണെങ്കിലും പൊട്ടിയ സ്‌ഫോടക വസ്തുവിൽ സ്റ്റീൽ കണ്ടെയ്നറുകൂടെ അവശിഷ്ടം ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി തലശേരി ഡിവൈഎസ്‌പി മൂസ വള്ളിക്കാടൻ, കതിരൂർ ഇൻസ്‌പെക്‌ടര്‍ എം.അനിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കതിരൂരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളായ കുണ്ടുചിറ, കക്കറ, ഡയമണ്ട് മുക്ക്, നായനാർ റോഡ്- മൂന്നാം മൈൽ ഭാഗങ്ങളിൽ സായുധ പൊലീസ് സാന്നിധ്യത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രാവിലെ വ്യാപക തെരച്ചിൽ നടത്തി. സ്ഫോടക വസ്തു നിയന്ത്രണ നിയമപ്രകാരമാണ് കരിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.