കണ്ണൂർ : സ്വന്തമല്ലെങ്കിലും തന്‍റെ ചൂടേറ്റ് വിരിഞ്ഞ അഞ്ച് കുഞ്ഞുങ്ങളെ കരുതലോടെ ചിറകോടുചേർത്ത് നിർത്തി പരിപാലിക്കുകയാണ് ഒരമ്മക്കോഴി. പോരു കോഴിയിൽപ്പെട്ട അസീൽ എന്നയിനം കോഴിയിൽ മയില്‍ കുഞ്ഞുങ്ങളെ അടവച്ച് വിരിയിച്ചിരിക്കുകയാണ് തളിപ്പറമ്പില്‍. പെൺമയിൽ എത്താതായതോടെ വനം വകുപ്പിന് ലഭിച്ച മുട്ടകളാണ് മാർക്ക് പ്രവർത്തകരുടെ സഹായത്തിൽ കോഴിയിൽ അടവെച്ച് വിരിയിച്ചത്.
സെപ്റ്റംബർ 11 നാണ് കാട് വെട്ടിത്തളിക്കുന്നതിനിടയിൽ മയ്യിൽ പ്രദേശത്ത് നിന്നും വീട്ടുകാർക്ക് മയിലിന്‍റെ മുട്ടകൾ ലഭിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ തളിപ്പറമ്പിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിച്ചു.
പെൺമയിൽ അട ഇരിക്കാൻ ഏത്താതായതോടെ വനം വകുപ്പിന്‍റെ നിർദേശപ്രകാരം മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെന്‍റർ ഫോർ വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുട്ടയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഇൻക്യൂബേറ്റർ സൗകര്യമില്ലാത്തതിനാൽ പാപ്പിനിശ്ശേരിയിലെ ഫാമിലുള്ള കോഴിയെ ഉപയോഗിച്ച് അടവയ്ക്കാനുള്ള സൗകര്യമൊരുക്കി.