കേരളം

kerala

ETV Bharat / city

ഇടതിന്‍റെ പൊന്നാപുരം കോട്ടയായി പയ്യന്നൂർ: മത്സരം കൊഴുപ്പിക്കുമോ യുഡിഎഫ് - പയ്യന്നൂര്‍ വാര്‍ത്തകള്‍

2016ലേക്കെത്തിയപ്പോള്‍ വോട്ട് ശതമാനത്തില്‍ കുറവുണ്ടായെങ്കിലും 2011നേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ കൃഷ്‌ണൻ വീണ്ടും നിയമസഭയിലെത്തി. കണ്ണൂർ ജില്ലയില്‍ സിപിഎം ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തില്‍ നിന്ന് ഇത്തവണ വിഐപി സ്ഥാനാർഥി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്.

Payyannur assembly seat history  election latest news  payyannur news  പയ്യന്നൂര്‍ വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
പയ്യന്നൂര്‍ എന്ന ഇടതുകോട്ട യുഡിഎഫിന് ഇത്തവണയും കിട്ടാ കനിയാകുമോ?

By

Published : Mar 3, 2021, 3:45 PM IST

Updated : Mar 3, 2021, 4:32 PM IST

എംവി രാഘവൻ, പിണറായി വിജയൻ, പികെ ശ്രീമതി... പയ്യന്നൂർ നിയമസഭാ മണ്ഡലം കേരള നിയമസഭയ്ക്ക് സമ്മാനിച്ച എംഎല്‍എമാരാണ് ഇവരെല്ലാം. എന്നും ഇടതുപക്ഷ പ്രതിനിധികളെ മാത്രം നിയമസഭയിലേക്ക് അയച്ച പയ്യന്നൂരിന് ഒരിക്കലും മാറി ചിന്തിക്കേണ്ടി വന്നിട്ടില്ല. കണ്ണൂർ ജില്ലയില്‍ സിപിഎം ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തില്‍ നിന്ന് ഇത്തവണ വിഐപി സ്ഥാനാർഥി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്.

മണ്ഡല ചരിത്രം

1967ല്‍ രൂപീകൃതമായ പയ്യന്നൂർ മണ്ഡലത്തിലെ ആദ്യ എംഎല്‍എ എവി കുഞ്ഞമ്പുവാണ്. 1970ലും കുഞ്ഞമ്പു തന്നെ നിയമസഭയിലേക്ക് പോയി. 1977ല്‍ ജയിച്ച എൻ സുബ്രഹ്മണ്യ ഷേണായി 1980ലും ജയിച്ചു. 1982ല്‍ സിപിഎം നേതാവ് എംവി രാഘവനെ നിയമസഭയിലേക്ക് അയച്ച് പയ്യന്നൂർ വീണ്ടും ചുവന്നു. 1987ലും 1991ലും സിപി നാരായണൻ സിപിഎം പ്രതിനിധിയായി പയ്യന്നൂരില്‍ നിന്ന് നിയമസഭയിലെത്തി. 1996ല്‍ പിണറായി വിജയനാണ് പയ്യന്നൂരിനെ പ്രതിനിധീകരിച്ചത്. പിന്നീട് 2001ലും 2006ലും പികെ ശ്രീമതി ജയിച്ച് മന്ത്രിയായി. 2011ല്‍ ജയിച്ച സിപിഎം നേതാവ് സി കൃഷ്ണൻ 2016ലും പയ്യന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

2016 വിജയി

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ ബ്രിജേഷ് കുമാറിനെ 32,124 വോട്ടുകള്‍ക്കാണ് സി. കൃഷ്‌ണൻ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 59.78 ശതമാനവും രേഖപ്പെടുത്തിയത് ഇടതുപക്ഷത്തിന് അനുകൂലമായാണ്. 2016ലേക്കെത്തിയപ്പോള്‍ വോട്ട് ശതമാനത്തില്‍ കുറവുണ്ടായെങ്കിലും 2011നേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ കൃഷ്‌ണൻ വീണ്ടും നിയമസഭയിലെത്തി. 2016ല്‍ 58.02 ശതമാനം വോട്ട് നേടിയ സി. കൃഷ്‌ണന് 40,263 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്നു. 29.95 ശതമാനം വോട്ട് മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥി സാജിദ് മാവ്വലിന് നേടാനായത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

മണ്ഡലത്തിന്‍റെ രാഷ്ട്രീയം

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, ചെറുപുഴ, എരമം - കുറ്റൂര്‍, കരിവള്ളൂര്‍ - പെരളം, രാമന്തളി, കാങ്കോല്‍ ആലപ്പടമ്പ്, പെരിങ്ങോം- വയക്കര പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്ന മണ്ഡലം എക്കാലവും ഇടതു സ്വഭാവം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലും മറ്റ് എല്ലാ പഞ്ചായത്തിലും വിജയം നേടിയത് എല്‍ഡിഎഫാണ്. പാര്‍ട്ടിയുടെ ശക്തമായ അടിത്തറയ്‌ക്ക് പുറമെ വൻ വികസന പദ്ധതികളും ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് ഇവിടെയുണ്ടായിട്ടുണ്ട്.

2016 തെരഞ്ഞെടുപ്പ് ഫലം

കിഫ്‌ബി മുഖേന 365 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ഗതാഗത മേഖലയുടെ വികസനമാണ് മണ്ഡലത്തില്‍ ഏറെയുണ്ടായത്. 23 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന കാങ്കോല്‍ - ചീമേനി റോഡ് മണ്ഡലത്തിലെ ഗതാഗത സൗകര്യത്തിന് ബലമേകുന്നു. വെള്ളോറ - കക്കറ - കടുക്കാരം റോഡിന്‍റെ വികസനം ഉയര്‍ത്തിക്കാട്ടിയും എല്‍ഡിഎഫ് വോട്ട് ചോദിക്കുന്നു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കാനുള്ള പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനായി 103 കോടി രൂപ കിഫ്‌ബി മുഖാന്തിരം അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പുതിയ കെട്ടിടം, ഹോസ്‌റ്റലുകള്‍ തുടങ്ങിയ നിര്‍മാണങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നു.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച സി. കൃഷ്‌ണന് ഇത്തവണ സീറ്റുണ്ടാകുമെന്ന് ഉറപ്പില്ല. പി. ജയരാജന്‍, പികെ ശ്രീമതി അടക്കമുള്ള പ്രമുഖരെയാണ് സിപിഎം ഇത്തവണ പയ്യന്നൂലേക്ക് പരിഗണിക്കുന്നത്. മറുവശത്ത് യുഡിഎഫില്‍ സാജിദ് മവ്വലിന് വീണ്ടും നറുക്ക് വീണേക്കാം. ബിജെപിയെ സംബന്ധിച്ച് മത്സരിക്കുക എന്നത് മാത്രമാണ് പ്രധാനം. പക്ഷേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തി തെളിയിക്കാൻ മികച്ച പോരാട്ടം ബിജെപിയും നടത്തുമെന്നുറപ്പാണ്.

Last Updated : Mar 3, 2021, 4:32 PM IST

ABOUT THE AUTHOR

...view details