കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളജ് ക്യാമ്പസിൽ നിന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയത് വിവാദമാകുന്നു. സർക്കാർ ഭൂമിയിൽ നിന്ന് മരം മുറിച്ച് മാറ്റുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ് അക്ഷേപം. അനധികൃതമായി മരം മുറിച്ചതിനെതിരെ പരിയാരം മെഡിക്കൽ കോളജ് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി അധികൃതർക്ക് പരാതി നൽകി. സർക്കാർ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി മരങ്ങൾ നട്ട് പിടിപ്പിക്കുമ്പോഴാണ് സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി വ്യാപകമായി മരം മുറിച്ചു മാറ്റിയതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നിന്ന് അനധികൃതമായി മരം മുറിച്ചതായി പരാതി
മെഡിക്കൽ കോളജിലെ എക്കർ കണക്കിന് പ്രദേശത്തെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയതെന്ന് ഐഎന്‍ടിയുസി ആരോപിക്കുന്നു.
മെഡിക്കൽ കോളജിലെ എക്കർ കണക്കിന് പ്രദേശത്തെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയതെന്ന് ഐഎന്‍ടിയുസി യൂണിറ്റ് ഭാരവാഹി യു.കെ. മനോഹരൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പച്ചക്കറി നടീലിനും മറ്റുമായിട്ടാണ് വർഷങ്ങൾ പഴക്കമുളള മരങ്ങൾ മുറിച്ചു നീക്കിയത്. സർക്കാർ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു നീക്കുമ്പോൾ വനം വകുപ്പിന്‍റെയും മറ്റ് വകുപ്പുകളുടെയും അനുമതി തേടേണ്ടതാണ്. എന്നാൽ യാതൊരു മാനദണ്ഡവും ഇല്ലാതെ പരിസ്ഥിതിക്ക് ഹാനികരമാകുന്ന രീതിയിൽ മരം മുറിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ, മെഡിക്കൽ കോളജ് പ്രിൻസിപ്പല്‍, മറ്റു മേലധികാരികൾക്കും പരാതി നൽകി.