കണ്ണൂര്‍:പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാന്‍ഡിലായിരുന്ന ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പദ്‌മരാജന് ജാമ്യം. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പോക്സോ നിയമം ഒഴിവാക്കിയിരുന്നു. ഇതാണ് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള കാരണം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ മാത്രമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ ചേർത്തിട്ടുള്ളത്.
പാലത്തായി പീഡനകേസ് പ്രതിക്ക് ജാമ്യം - പാലത്തായി പീഡനകേസ്
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പോക്സോ നിയമം ഒഴിവാക്കിയിരുന്നു. ഇതാണ് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള കാരണം
പ്രതി അറസ്റ്റിലായി 90 ദിവസം പിന്നിട്ടപ്പോഴാണ് ഭാഗിക കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. നേരത്തെ ഹൈക്കോടതി പദ്‌മരാജന്‍റെ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്ന് വീണ്ടും തലശേരി സെഷൻസ് കോടതി മുമ്പാകെ സ്റ്റാറ്റ്യൂട്ടറി ബെയ്‌ലിനായി അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ പരിഗണിച്ച അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് തുഷാർ കേസിൽ പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങൾ തെളിയിക്കാൻ സാധിക്കാത്തത് കാരണം പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന നിലപാടിലെത്തുകയായിരുന്നു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ.പി.പ്രേമരാജൻ ഹാജരായി.
2020 മാർച്ച് 17നാണ് പാലത്തായി പീഡന കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ അന്വേഷണം നടത്തിയ സിഐ ടി.പി ശ്രീജിത്ത് കുട്ടിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെച്ച് കൊണ്ടുതന്നെയാണ് പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘവും നിഗമനത്തിലെത്തിയത്. പദ്‌മരാജന് ജാമ്യം ലഭിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.