കണ്ണൂർ: നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്തവും പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും മന്ത്രി ഇപി ജയരാജന്‍റെയും മക്കൾ തുടർച്ചയായി വിവാദങ്ങളിൽ പെടുമ്പോഴാണ് പി ജയരാജന്‍റെ തുറന്നുപറച്ചിൽ. സർക്കാരിന്‍റെ പ്രവർത്തനങ്ങളിലോ പാർട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സിപിഎം എന്നും കൈക്കൊണ്ടിട്ടുണ്ടെന്നും പി ജയരാജൻ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
മക്കളുടെ തെറ്റുകൾ പാർട്ടി ഏറ്റെടുക്കില്ല: നിലപാട് പരസ്യമാക്കി പി ജയരാജൻ
പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാർട്ടി പ്രതികരിക്കേണ്ടതുള്ളൂ എന്നും പി ജയരാജന്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും മന്ത്രി ഇപി ജയരാജന്‍റെയും മക്കൾ തുടർച്ചയായി വിവാദങ്ങളിൽ പെടുമ്പോഴാണ് പി ജയരാജന്‍റെ തുറന്നുപറച്ചിൽ.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ശേഷം പി ജയരാജൻ പാർട്ടിയിൽ സജീവമായിരുന്നില്ല. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ്, നേതാക്കളുടെ മക്കൾ വിവാദത്തിലായ സംഭവത്തില്‍ നിലപാടുമായി പി ജയരാജൻ രംഗത്ത് എത്തുന്നത്. മക്കളുടെ ഇടപെടലുകൾ പാർട്ടിയിലോ സർക്കാരിലോ ഉണ്ടാകുന്നത് ശരിയല്ല. അത്തരം ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നേതൃത്വത്തിനെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. മകൻ എന്തെങ്കിലും ഇടപാടിൽ പെട്ടിട്ടുണ്ടെങ്കിൽ അത് അവൻ തന്നെ നേരിടുമെന്ന് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാർട്ടി പ്രതികരിക്കേണ്ടതുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് പാർട്ടി വിശദീകരിക്കേണ്ട. അങ്ങനെ ആരുടെയെങ്കിലും മക്കൾ തെറ്റ് ചെയ്താൽ അവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നും ജയരാജൻ പറയുന്നു.
സിപിഎം നേതാക്കളെ രണ്ടു തട്ടിലാക്കി ചിത്രീകരിക്കരുത്. കോടിയേരിയും ഇപിയും എന്‍റെ സീനിയർ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യരുത്. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നത് തെറ്റല്ലെന്നും ജയരാജൻ പറയുന്നുണ്ട്. ഭാര്യ ടിപി യമുന കൂത്തുപറമ്പ് സഹകരണബാങ്ക് സെക്രട്ടറിയാണെന്നും രണ്ട് ആൺകുട്ടികളും വിദേശത്ത് ജോലി ചെയ്യുകയാണെന്നും പി ജയരാജൻ പറഞ്ഞു. മൂത്ത മകൻ ജെയിൻരാജ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദുബായില്‍ നിന്ന് നാട്ടിലെത്തി. മാലദ്വീപിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന രണ്ടാമത്തെ മകൻ ആശിഷ് പി രാജും ഇപ്പോൾ നാട്ടിലെത്തി. തനിക്ക് വലിയ രാഷ്ട്രീയമോഹങ്ങളില്ലെന്നും, കാർ പാർട്ടി തിരിച്ചെടുത്തപ്പോൾ ഗൺമാന്‍റെ കാറിൽ സഞ്ചരിക്കേണ്ടി വന്നു എന്നതിൽ വലിയ കാര്യമൊന്നുമില്ലെന്നും ജയരാജൻ പറയുന്നു. നേതാക്കളുടെ മക്കൾക്ക് മാതൃകയായി സ്വന്തം മക്കളുടെ തൊഴില്‍ സാഹചര്യം കൂടിയാണ് പി ജയരാജൻ വിശദീകരിച്ചത്.