കണ്ണൂർ: കൊവിഡ് ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പ്പുമായി കണ്ണൂർ. 6000 ലിറ്റർ ഓക്സിജന്‍ സംഭരണി ജില്ല ആശുപത്രിയിൽ സ്ഥാപിച്ചു. ഡെറാഡൂണിൽ നിന്നാണ് ടാങ്ക് എത്തിച്ചത്. 6000 ലിറ്റർ സംഭരണിക്കൊപ്പം 500 ലിറ്റർ ദ്രവീകൃത ഓക്‌സിജന്‍ ഉത്പാദന ശേഷിയുള്ള ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ബിപിസിഎല്ലാണ് ജനറേറ്റർ സ്ഥാപിച്ചത്. ഓക്‌സിജന്‍ ജനറേറ്ററും സംഭരണിയും സ്ഥാപിച്ചതോടെ കണ്ണൂർ ജില്ല ആശുപത്രി സ്വയം പര്യാപ്‌തമാകും. അടുത്ത ദിവസം പാലക്കാട് നിന്ന് 3000 ലിറ്റർ ലിക്വിഡ് ഓക്‌സിജന്‍ എത്തിച്ച് ടാങ്കിന്‍റെ പ്രവർത്തനക്ഷമത പരിശോധിക്കും. ക്രയോജനിക് ടാങ്കറുകളിലാണ് ഓക്‌സിജന്‍ എത്തിക്കുക. തുടർന്ന് 31 ബെഡ്ഡുകളിലേക്ക് പൈപ്പ് ലൈൻ വഴി ഓക്‌സിജന്‍ ലഭ്യമാക്കും.
ഓക്സിജന്‍ സ്വയം പര്യാപ്‌തതയിലേക്ക് കണ്ണൂര്‍ ; ജനറേറ്ററും സംഭരണിയും തയ്യാര്‍ - kannur district hospital oxygen plant news
6000 ലിറ്റർ സംഭരണിയും 500 ലിറ്റർ ദ്രവീകൃത ഓക്‌സിജന്‍ ഉത്പാദന ശേഷിയുള്ള ജനറേറ്ററുമാണ് ജില്ല ആശുപത്രിയില്‍ സ്ഥാപിച്ചത്.
സംഭരണിയുടെ അടിത്തറ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ല നിർമ്മിതി കേന്ദ്രമാണ് നടത്തിയത്. ടാങ്ക് ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ പറഞ്ഞു. യുദ്ധകാലടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയത്. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് 37 ലക്ഷം രൂപ നൽകിയിരുന്നു. കൊവിഡിന്‍റെ മൂന്നാം തരംഗം കൂടി ഉണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഓക്‌സിജന്‍ ടാങ്ക് നിർമ്മിച്ചത് ഏറെ ആശ്വാസകരമാണ്.
Also read: സിലിണ്ടര്‍ ചാലഞ്ച് ലക്ഷ്യം കണ്ടു; കാസര്‍കോട് ഓക്‌സിജന്‍ പ്രതിസന്ധി ഒഴിയുന്നു