കണ്ണൂര്‍: ഓസ്‌ട്രേലിയയിൽ ജോലിക്കുള്ള വിസ വാഗ്‌ദാനം ചെയ്‌ത് പയ്യന്നൂരില്‍ 13 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് വർഷത്തിനുശേഷം പ്രതിയെ പൊലീസ് പിടികൂടി. ഹരിയാന ഫരീദാബാദ് സ്വദേശി ആൻഡ്രിയാസ് കെ മസിയാണ് പൊലീസ് പിടിയിലായത്. പയ്യന്നൂർ കുണ്ടയംകൊവ്വല്‍ സ്വദേശിയും ഡോക്‌ടറുമായ നിതിൻ കണ്ണന്‍റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ഉപരിപഠനത്തിനായി നിതിൻ ആൻഡമാനില്‍ എത്തിയപ്പോഴാണ് വിദേശത്തേക്ക് ജോലി തേടി പോകുന്നവർക്ക് പരിശീലനം നൽകുന്ന ആൻഡ്രിയാസുമായി പരിചയത്തിലാകുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന ഇയാള്‍ ജോലി വാഗ്‌ദാനം നൽകി നിരവധിപേരെ ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിസ വാഗ്‌ദാനം നൽകിയപ്പോൾ നിതിൻ പണം നൽകാൻ തയ്യാറായത്.
2016 മുതൽ 2019 വരെയുള്ള കാലയളവിൽ 13 ലക്ഷം രൂപ നൽകിയെങ്കിലും കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ നിതിന് ആന്‍ഡ്രിയാസ് വിസ നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്‌തില്ല. തുടര്‍ന്ന് നിതിന്‍ പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.