കണ്ണൂര്‍: ഉത്തര മലബാറിലെ ഈ വർഷത്തെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് കളരി വാതുക്കൽഭഗവതിയുടെ തിരുമുടി നിവർന്നു. വളപട്ടണം കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി അഴിക്കുന്നതോടെ തെയ്യാട്ടങ്ങൾക്ക് സമാപനമാകും. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ചടങ്ങ് കാണാന്‍ ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയത്.
ഉത്തര മലബാറിലെ തെയ്യാട്ടങ്ങൾക്ക് സമാപനം - വളപട്ടണം
തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി കാവിലെ തെയ്യത്തോടുകൂടിയാണ് ഉത്തരമലബാറിലെ തെയ്യാട്ടങ്ങൾക്ക് തുടക്കമാകുന്നത്.
നാലുപുരക്കൽ, പുറമേരി തറവാടുകളിലെ ആശാരിമാരാണ് ഭഗവതിയുടെ 15 മീറ്റർ ഉയരവും 4.1 മീറ്റർ വീതിയുമുള്ള മുടി നിർമിക്കുന്നത്. ചിറക്കൽ രാജാവ് ചൊല്ലിയനുഗ്രഹിച്ച മുത്താനിശേരി കോലക്കാരൻ തിരുമുടി അണിഞ്ഞ് നിറഞ്ഞാടി. കൂടെ ക്ഷേത്രപാലകൻ, പഴശ്ശി, ചുഴലി, കളരി, സോമേശ്വരി, പാടിക്കുറ്റി, കാളരാത്രി തുടങ്ങിയ തിറകളും ക്ഷേത്രമുറ്റത്ത് ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. ഇനി തുലാമാസം പിറക്കുന്നതുവരെ കോലത്തുനാട്ടിൽ തെയ്യാട്ടം ഉണ്ടാകില്ല. തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി കാവിലെ തെയ്യത്തോടുകൂടിയാണ് ഉത്തരമലബാറിലെ തെയ്യാട്ടങ്ങൾക്ക് തുടക്കമാകുന്നത്.