കണ്ണൂർ : വിദേശത്ത് നിന്ന് ആളുകളെ ഇറക്കി യുഡിഎഫ് സംഘടിതമായി കള്ളവോട്ടു ചെയ്തതാണ് റിപോളിങ്ങിലേക്കു നയിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഒരാൾ തന്നെ അഞ്ചു വോട്ടു വരെ ചെയ്ത അനുഭവം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ട്. കള്ളവോട്ടു ചെയ്തതിന് 12 യുഡിഎഫുകാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടന്നും ജയരാജൻ പറഞ്ഞു.
റിപോളിങ്ങിലേക്കു നയിച്ചത് യുഡിഎഫിന്‍റെ കള്ളവോട്ടുകളെന്ന് എം വി ജയരാജൻ - കണ്ണൂർ
കളളവോട്ടിനായി മൊബൈൽ സ്ക്വാഡ് വരെ യുഡിഎഫ് തയ്യാറാക്കിയെന്നും എം വി ജയരാജൻ ആരോപിച്ചു
കളളവോട്ടിനായി മൊബൈൽ സ്ക്വാഡ് വരെ തയ്യാറാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ പ്രബുദ്ധരായ വോട്ടർമാർ സമ്മതിദാനാവകാശം ഉപയോഗിക്കണം. റീപോളിങ് നീതിപൂർവമാക്കാനും കള്ളവോട്ട് തടയാനും അധികൃതർ ജാഗ്രത പുലർത്തണം. മുഖംമറച്ചു വരുന്നവരെയടക്കം ഏജന്‍റുമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും തിരിച്ചറിയാൻ സംവിധാനമുണ്ടാകണമെന്നും എം വി ജയരാജൻ പറഞ്ഞു.
അതേസമയം റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡന്‍റ് പി.സത്യപ്രകാശ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ കാലാകാലങ്ങളായി നടക്കുന്ന കള്ളവോട്ടിന് താല്‍ക്കാലികമായി തിരിച്ചടി നല്‍കാന്‍ ഇതുകൊണ്ട് സാധിക്കും. സ്വാധീന കേന്ദ്രങ്ങളില്‍ എന്തുമാകാമെന്ന എല്‍ഡിഎഫ്, യുഡിഎഫ് ഹുങ്കിനെ തകര്‍ക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. കണ്ണൂര്‍ ജില്ലയില്‍ എകെജിയുടെ പേരിലുള്ള സ്ഥാപനത്തില്‍ പോലും ജനാധിപത്യത്തെ അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പ് ഉണ്ടായിട്ടുണ്ടന്നും സത്യപകാശ് പറഞ്ഞു.