കണ്ണൂര്‍: ജീവിതത്തിലേക്ക് തിരിച്ചു വരാൻ നന്മയുള്ള മനസുകളുടെ സഹായം തേടുകയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒന്നരവയസുകാരൻ മുഹമ്മദ് ഖാസിം. ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിക്ക് സമീപത്തെ പി.പി.എം ഫാത്തിമത്ത് ഷാക്കിറയുടെ മകനാണ് സ്പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച ഈ കുഞ്ഞ്.
രണ്ട് മാസത്തിനുള്ളില്‍ മരുന്ന് നല്‍കണം
മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഖാസിമിന് എസ്.എം.എ ബാധിച്ചതായി കണ്ടെത്തിയത്. ഇപ്പോൾ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ നടത്തി വരികയാണ്. ഖാസിമിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെങ്കിൽ രണ്ട് വയസിനകം 18 കോടി രൂപ വില വരുന്ന സോൾജെൻസ്‌മ ജീൻ തെറാപ്പി മരുന്ന് ലഭ്യമാക്കണം. 2 മാസത്തിനുള്ളിൽ കുട്ടിക്ക് ഈ മരുന്ന് നല്‍കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഖാസിമിനും വേണം 18 കോടി, കളിയും ചിരിയും നിറഞ്ഞൊരു ജീവിതത്തിനായി സഹായ കമ്മിറ്റിയില്‍ മന്ത്രിയും എംപിയും
മന്ത്രി എം.വി. ഗോവിന്ദൻ, കെ. സുധാകരൻ എം.പി എന്നിവർ മുഖ്യരക്ഷാധികാരികളും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്‌ണൻ ചെയർപേഴ്‌സണും വൈസ് പ്രസിഡന്‍റ് അബ്‌ദുറഹ്മാൻ പെരുവണ ജനറൽ കൺവീനറുമായി സർവ്വകക്ഷി ചികിത്സ സഹായ കമ്മിറ്റിയും രൂപീകരിച്ചു. ചികിത്സാ സഹായ കമ്മറ്റിയിലേക്ക് ആദ്യ സംഭാവനയായി ജില്ല പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം, ചപ്പാരപ്പടവ് പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ അരുൺശങ്കർ എന്നിവർ തുക കൈമാറിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉൾപ്പടെയുള്ള മിക്ക മെമ്പർമാരും ഹോണറേറിയം വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിർധനരായ ഖാസിമിന്‍റെ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക അസാധ്യമാണ്. ഖാസിമിനായി ഒരു നാട് മുഴുവൻ സഹായം അഭ്യര്‍ഥിക്കുകയാണ്. നന്മയുള്ളവർ സഹായിച്ചാൽ ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും. മന്ത്രിയും എം.പിയുമെല്ലാം വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ നൽകി വരുന്നതെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കുഞ്ഞിന്‍റെ ചികിത്സക്കുള്ള സഹായധനം സ്വരൂപിക്കാനായി ഫെഡറൽ ബാങ്ക് ഏര്യം ശാഖയിൽ ജോയിന്‍റ് അക്കൗണ്ട് തുറന്നു. ഫോൺ: 9496504555, 8281010741.