കണ്ണൂർ : ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ലൈഫ് ലൈൻ ആണ് പിണറായി വിജയനെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സിപിഎം പാർട്ടി കോണ്‍ഗ്രസ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പറഞ്ഞപ്പോൾ സമ്മതിച്ചു. പലകാരണങ്ങൾ കൊണ്ട് പങ്കെടുക്കേണ്ടത് തന്‍റെ കടമയാണെന്നും സ്റ്റാലിൻ പറഞ്ഞു.
സംഘകാലം മുതൽ കേരള തമിഴ് ബന്ധമുണ്ട്. മാർക്‌സിസ്റ്റ് ആശയങ്ങൾക്കും ദ്രാവിഡ ആശയങ്ങൾക്കും ആഴത്തിലുള്ള ബന്ധമുണ്ട്. എല്ലാറ്റിനും ഉപരി തന്‍റെ പേര് സ്റ്റാലിൻ എന്നാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് അതുതന്നെ തെളിവാണെന്നും സ്റ്റാലിൻ പറഞ്ഞു.
പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും സ്റ്റാലിൻ രൂക്ഷ വിമർശനമുയർത്തി. കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും നാടാണ് കണ്ണൂർ. പിണറായി വിജയൻ തനിക്ക് വഴി കാട്ടിയാണ്. ഒരു കൈയില്‍ പോരാട്ട വീര്യവും മറുകയ്യിൽ ക്ഷേമ പ്രവർത്തനങ്ങളുമായാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.