കണ്ണൂർ: ജില്ല കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റായി മാർട്ടിൻ ജോർജ് സ്ഥാനമേറ്റു. പുതിയ ഡിസിസി ഓഫീസിൽ എൻ രാമകൃഷ്ണൻ ഹാളിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റത്. അടിമുടി പൊളിച്ചെഴുത്തിലൂടെ കേരളത്തിലെ കോൺഗ്രസിനെ മാറ്റണമെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് കെ സുധാകരൻ പറഞ്ഞു.
ഇന്നലെ കണ്ട കോൺഗ്രസ് ആയിരിക്കില്ല ആറു മാസം കഴിയുമ്പോൾ കാണാൻ സാധിക്കുക. ജില്ലകളിൽ 2500 വീതം കേഡർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുകയും അവർക്ക് ബൂത്തുകൾ അനുവദിക്കുകയും ചെയ്യും. കോൺഗ്രസിന് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ കേഡർമാരുടെ നേതൃത്വത്തിൽ സംഘടന സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഡിസിസി പ്രസിഡന്‍റായി മാർട്ടിൻ ജോർജ് ചുമതലയേറ്റു അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി
എല്ലാ കേന്ദ്ര ഏജൻസികളും ഒരു മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയെന്നത് കേരള ചരിത്രത്തിലെ ആദ്യത്തെ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. അച്ചടക്കം പരിശോധിക്കാൻ കൺട്രോൾ കമ്മിഷൻ എന്ന പേരിൽ ജില്ലയിൽ അഞ്ചംഗ അച്ചടക്ക സമിതിയെ നിയോഗിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
പാർട്ടിക്ക് കിഴിലുള്ള സഹകരണ സ്ഥാപനങ്ങളെ പൂർണമായും പാർട്ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കായി പൂർണമായി പ്രവർത്തിക്കുന്നവരെ മാത്രമേ ഉന്നത സ്ഥാനങ്ങളിൽ കൊണ്ടുവരാവൂവെന്നും ഇത്തരത്തിലാണ് പ്രവർത്തകരുടെ വികാരമെന്നും സതീശൻ പാച്ചേനി പറഞ്ഞു. അത് തെരഞ്ഞെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
READ MORE:കോൺഗ്രസില്‍ പൊട്ടിത്തെറിച്ച് തീരുന്നില്ല, പട്ടികത്തല്ലിന് എന്നാകും അവസാനം