കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച അയ്യായിരത്തിലധികം മാങ്ങ പിടിച്ചെടുത്തു - ഓസി
ശ്രീകണ്ഠാപുരം സ്വദേശി കെ സന്തോഷിന്‍റെ പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് കേസെടുത്തു
കണ്ണൂർ:കണ്ണൂര്‍ ഇരിട്ടിയിൽ കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച അയ്യായിരത്തിലധികം മാങ്ങ ഭക്ഷ്യ സുരക്ഷാവകുപ്പ് പിടിച്ചെടുത്തു. നഗരത്തിലുള്ള റബ്ബര്‍ തോട്ടത്തിലെ ഷെഡില്‍ വില്പനക്ക് സൂക്ഷിച്ചിരുന്ന മാങ്ങയാണ് പിടിച്ചെടുത്തത്. ശ്രീകണ്ഠാപുരം സ്വദേശി കെ സന്തോഷിന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് മാങ്ങ സൂക്ഷിച്ചിരുന്നത്. ഇയാളുടെ പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് കേസെടുത്തിട്ടുണ്ട്. പച്ചമാങ്ങ വേഗത്തില്‍ പഴുപ്പിച്ചെടുക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസ വസ്തുവാണ് കാല്‍സ്യം കാര്‍ബൈഡ്. ഇത് നേരിട്ട് ശരീരത്തിലെത്തുകയാണെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാനും ഇടയുണ്ട്.സംസ്ഥാനത്ത് മാങ്ങാകാലമായതോടെ വ്യാപാരികള്‍ വ്യാപകമായി ഈ രാസവസ്തു ഉപയോഗിക്കുന്നുണ്ട്. ഇത് പിടിച്ചെടുക്കുന്നതിനായി പഴം പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഗോഗൗണുകളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.